കൊച്ചി: യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രയ്ക്കെതിരെ കെഎംആർഎൽ നടപടിക്ക് ഒരുങ്ങുന്നു. കോൺഗ്രസ് പ്രവർത്തകർ മെട്രോയിലെ യാത്രാചട്ടങ്ങള്‍ പാലിച്ചില്ലെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ‌എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് കെഎംആർഎൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

പൊലീസിൽ പരാതി നൽകിയാൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ തുടങ്ങിയ നേതാക്കളുടെയും എംഎൽമാരുടെയും നേതൃത്വത്തിലാണ് ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് നടത്തിയ മെട്രോ യാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ജനകീയ മെട്രോ യാത്ര. എന്നാൽ പ്രവർത്തകരുടെ ഉന്തു തളളും മൂലം പരിപാടി അലങ്കോലമായി.

പ്രവർത്തകരുടെ തിക്കും തിരക്ക് മൂലം ഉമ്മൻചാണ്ടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം ട്രെയിനിൽ കയറാൻ സാധിച്ചില്ല. തൊട്ടടുത്ത ട്രയിനിലാണ് അദ്ദേഹം യാത്ര ചെയ്തത്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ജനകീയ മെട്രോ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.