തിരുവനന്തപുരം: വര്‍ഗീയതയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കേരളത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാനും ആഹ്വാനം ചെയ്ത് എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്രകള്‍ ഇന്ന് തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ പര്യടനം നടത്തും. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശം ഉയര്‍ത്തിയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തില്‍ രണ്ട് യാത്രകള്‍ ശനിയാഴ്ച വൈകിട്ട് പര്യടനം തുടങ്ങിയത്. ഇരുയാത്രകളും നവംബര്‍ മൂന്നിന് സമാപിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ യാത്ര തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ യാത്ര മഞ്ചേശ്വരം ഉപ്പളയില്‍ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്നലെയാണ് ഉദ്ഘാടനംചെയ്തത്. ഞായറാഴ്ച കോവളം, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, അരുവിക്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തായിരുന്നു ആദ്യ സ്വീകരണം. കോടിയേരി ബാലകൃഷ്ണന്‍, യാത്രയിലെ അംഗങ്ങളായ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്കറിയ തോമസ്(കേരള കോണ്‍ഗ്രസ്) എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം അനന്തന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ