scorecardresearch
Latest News

അവിടെ എല്ലാം താറുമാറാകും: താഴ്‌വരയിൽ നടക്കുന്നത് എന്തെന്ന് പോലും അറിയാതെ കേരളത്തിലെ കാശ്മീരികൾ

അവരെ സങ്കടത്തിലാക്കുന്നത് തങ്ങളുടെ വേണ്ടപ്പെട്ടവരെ കുറിച്ചുള്ള ചിന്തകളാണ്

jammu kashmir, ജമ്മു കാശ്മീർ, kashmiris in kerala, കേരളത്തിലെ കാശ്മീരികൾ, kashmiris are nervous, ie malayalam, ഐഇ മലയാളം

Kashmiris in Kerala: രാജ്യം മുഴുവൻ തിങ്ക്ളാഴ്ച കശ്മീരിനെകുറിച്ചുള്ള ചർച്ചകളിൽ സജീവമായിരുന്നപ്പോൾ കേരളത്തിന്റെ വ്യാപാര തലസ്ഥാനമായ  കൊച്ചിയിലെ ജൂത സിനഗോഗിന് ചുറ്റുമുള്ള പ്രദേശം നിശബ്ദമായിരുന്നു. വ്യാപാരത്തിനായി പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയെത്തിയ കാശ്മീരികൾ പുരാവസ്തുക്കളും കരകൗശലവസ്തുക്കളും വിൽക്കുന്ന  ജ്യൂ ടൗണിൽ അവരുടെ കടകൾക്ക് മുന്നിലിരുന്ന് ശ്രദ്ധാപൂർവ്വം രാജ്യാസഭാ നടപടികൾ മൊബൈൽ ഫോണുകളിൽ വീക്ഷിക്കുകയായിരുന്നു. കശ്മീരിൽ കൂടുതൽ സൈനത്തെ വിന്യസിച്ചതും തങ്ങളുടെ സംസ്ഥാനത്തെ വിഭജിച്ചേക്കുമെന്ന് അറിഞ്ഞത് മുതൽ അവർ ആശങ്കയിലായിരുന്നു. തങ്ങളുടെ വേണ്ടപ്പെട്ടവരുമായി സംസാരിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു എന്നതും അതിന്റെ ആഴം വർധിപ്പിച്ചു.

“കഴിഞ്ഞ 30 വർഷമായി അരങ്ങേറുന്ന സംഘർഷങ്ങളിൽ ഒരിക്കൽപോലും ലാൻഡ്‌ലൈൺ സംവിധാനങ്ങൾ തടസപ്പെട്ടട്ടില്ല. എന്നാൽ കഴിഞ്ഞ രാത്രി അതും സംഭവിച്ചു. വീട്ടിൽ നിന്ന് വളരെ അകലെ ആയിരിക്കുകയും നമ്മുടെ വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതിരിക്കുന്ന അവസ്ഥ ഭീകരമാണ്. ഒരു ടൈം ബോംബിന് പുറത്ത് അത് പൊട്ടാൻ കാത്തിരിക്കുന്നത് പോലെ. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ,” തന്റെ 21-ാം വയസിൽ കൊച്ചിയിലെത്തി ഇവിടെ കച്ചവടം ആരംഭിച്ച സാജിദ് ഖട്ടായി പറഞ്ഞു. ഇത് ഇവിടെയുള്ള ഓരോ കാശ്മീരിയുടെയും ആശങ്കകളാണ്.

അവരെ സങ്കടത്തിലാക്കുന്നത് തങ്ങളുടെ വേണ്ടപ്പെട്ടവരെ കുറിച്ചുള്ള ചിന്തകളാണ്. കാശ്മീരിൽ നിന്നും ജീവിതം മാർഗ്ഗം തേടി നിരവധി ആളുകളാണ് കേരളത്തിലെത്തിയിരിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തേക്കടി, കോവളം മുതലായ സ്ഥലങ്ങളിൽ കച്ചവടം നടത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

കഴിഞ്ഞ 20 വർഷമായി മട്ടാഞ്ചേരിയിലെ ജ്യൂ ടൗണിൽ കച്ചവടം നടത്തുന്ന നാസർ ഹുസൈൻ. നാട്ടിലുള്ള തന്റെ പ്രിയപ്പെട്ടവർ സുരക്ഷിതരാണോ എന്ന് പോലും അറിയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ” 370-ാം വകുപ്പ് റദ്ദാക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷെ അത് ഇങ്ങനെയായിരുന്നില്ല. ഇത് ബലപ്രയോഗമാണ്. കാശ്മീരികൾക്ക് എന്ത് സംഭവിച്ചു? സർക്കാരിന് ഒന്നും പറയാൻ സാധിച്ചിട്ടില്ല. ഇന്ത്യക്ക് വേണ്ടത് കാശ്മീർ മാത്രമാണ്, കാശ്മീരികളെയല്ല എന്ന കാര്യം വ്യക്തമാണ്,” നാസർ ഹുസൈൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Also Read: ചതിച്ചത് കശ്മീര്‍ ജനതയെ,കേന്ദ്രം നുണപറയുകയായിരുന്നു; തുറന്നടിച്ച് ഒമര്‍ അബ്ദുള്ള

നാസർ ഹുസൈനെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം തന്റെ ബന്ധു സഹോദരന്റെ കല്യാണമാണ്.  കൊച്ചിയിലുള്ള സഹോദരന്റെ കല്യാണം ഓഗസ്റ്റ് 20ന് ശ്രീനഗറിൽ വച്ചാണ്. മറ്റനാൾ നാട്ടിലേക്ക് പോകാനൊരുങ്ങിയിരിക്കുന്ന അയാൾ സുരക്ഷിതനായിരിക്കുമൊയെന്ന് ഹുസൈന് ഒരു ഉറപ്പുമില്ല. “എന്ത് ചെയ്യണമെന്നറിയില്ല? കല്യാണം നടക്കുമോയെന്ന് പോലും ഉറപ്പില്ല, എല്ലാം ഭയപ്പെടുത്തുന്നു,” ഹുസൈൻ പറഞ്ഞു.

കഴിഞ്ഞ 22 വർഷക്കാലമായി കൊച്ചിയിൽ കഴിയുന്ന മുഖ്താർ അഹമ്മദിനും പറയാനുള്ളത് സമാനമായ അനുഭവമാണ്. ഇതുപോലെ പുറംതള്ളപ്പെടുകയാണെങ്കിൽ എങ്ങനെയാണ് ഇന്ത്യൻ ഭരണഘടനയിൽ ഒരു സാധാരണ കാശ്മീരിക്ക് വിശ്വാസം ഉണ്ടാവുകയെന്ന് മുഖ്താർ ചോദിക്കുന്നു.”  370-ാം വകുപ്പിനോട് കാശ്മീർ ജനതയ്ക്ക് വൈകാരികമായ ബന്ധമുണ്ട്. ഇപ്പോൾ കാശ്മീരിന്റെ പ്രത്യേക പദവിയും എടുത്തുമാറ്റപ്പെട്ടിരിക്കുന്നു.  370-ാം വകുപ്പ് നിലനിർത്തിക്കൊണ്ട് തന്നെ സമാധാനവും വികസനവും കൊണ്ടുവരാമായിരുന്നു. ഇത് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്. കാശ്മീരിൽ എല്ലാം താറുമാറാകും,” മുഖ്താർ പറഞ്ഞു.

തിങ്ക്ലാഴ്ച ജമ്മുകാശ്മീർ പുഃനസംഘടനാ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. രാവിലെ തന്നെ രാഷ്ട്രപതി ജമ്മു കാശ്മീരിന്റെ  പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും.

Read Here: ജമ്മു കാശ്മീർ: ഇന്ത്യയുടെ നീക്കത്തെ എതിർക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jammu and kashmir bifurcation heightens anxiety among kashmiri traders in kerala