തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനെതിരെ സിപിഎം എംഎല്‍എ ജെയിംസ് മാത്യു. സംഭവത്തില്‍ നേതാക്കള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടായെന്നും ജെയിംസ് മാത്യു സംസ്ഥാന സമിതിയില്‍ പറഞ്ഞു.

ആന്തൂരിലെ പ്രശ്‌നം തീര്‍ക്കാനായി നിവേദനം നല്‍കി താന്‍ മന്ത്രിയെ കൊണ്ട് നടപടിയെടുപ്പിച്ചപോള്‍ എംവി ഗോവിന്ദന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കൊണ്ട് വിളിച്ചെന്നും പ്രശ്‌നത്തില്‍ ഇടപ്പെട്ടെന്നും ജെയിംസ് മാത്യു ആരോപിച്ചു. അതേസമയം, തനിക്കെതിരായ ആരോപണത്തില്‍ എംവി ഗോവിന്ദന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

അതേസമയം, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച പി ജയരാജന്റെ നടപടി ശരിയായില്ലെന്നും സംസ്ഥാന സമിതിയില്‍ കോടിയേരി പറഞ്ഞു. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രംസഗിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുവെന്നും അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ജയരാജനെ പിന്തുണയ്ക്കുന്ന ഫെയ്‌സ്ബുക്ക് പേജുകളില്‍ ആന്തൂര്‍ വിഷയത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായിരുന്നു. അത് തിരുത്തണമെന്ന നിര്‍ദേശം ജയരാജന് നല്‍കുകയും ചെയ്തു. സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.ജയരാജന്‍ പി.ജെ എന്ന ചുരുക്കപ്പേര് മാറ്റണമെന്നും എതിരാളികള്‍ക്ക് അടിക്കാനുള്ള ആയുധങ്ങള്‍ നല്‍കരുതെന്നും നിര്‍ദേശിച്ച് പോസ്റ്റിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.