മലപ്പുറം: ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് പിന്നില്‍ യുഡിഎഫിന്റെ ബന്ധം ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയും സംശയം അസംബന്ധമാണ്, നിലവില്‍ കടുത്ത പ്രതിരോധത്തിലായിരിക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാനുള്ള ശ്രമത്തിലാണെന്നും സതീശന്‍ വ്യക്തമാക്കി.
“ന്യൂഡല്‍ഹിയില്‍ മുസ്ലീം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തിലെ യുഡിഎഫ് എന്ത് പിഴച്ചു. മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎമ്മാണ്. ശ്രീ എം എന്ന ആത്മീയാചാര്യന്‍റെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് കോടിയേരിയും പിണറായിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തി,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ആര്‍എസ്എസ്-സിപിഎം ഏറ്റുമുട്ടല്‍ അവസാനിച്ചതെന്നും സതീശന്‍ ആരോപിച്ചു. 1977 മുതല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ സിപിഎമ്മിന്റെ സഹയാത്രികരായിരുന്ന ജമാഅത്തെ ഇസ്ളാമി പെട്ടെന്നെങ്ങനെയാണ് വര്‍ഗീയ കക്ഷി ആയതെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ആര്‍എസ്എസ്-ജമാഅത്തെ ചര്‍ച്ചയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. എന്ത് കാര്യമാണ് ഇരുകൂട്ടര്‍ക്കും സംസാരിക്കാനുള്ളതെന്നും ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല ഈ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ്-വെല്‍ഫയര്‍ പാര്‍ട്ടി-മുസ്ലിം ലീഗ് ത്രയമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണ്. കാര്യങ്ങള്‍ ദുരൂഹമാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.