കോഴിക്കോട്: ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്ഐഒ) വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്നു. പകരം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ഥി വിഭാഗം എസ്ഐഒയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ജമാ അത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക തീരുമാനം അധികം വൈകാതെ പുറത്തുവരും.
എസ്ഐഒയെ പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ജമാ അത്തെ ഇസ്‌ലാമിയിൽ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും അന്തിമ തീരുമാനത്തിലെത്തിയത് അടുത്തിടെയാണ്. എസ്ഐഒ കൈകാര്യം ചെയ്തിരുന്ന പല വിഷയങ്ങളും അനൗപചാരികമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം ഏറ്റെടുത്തു തുടങ്ങി.
Read More:’ജിന്നിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’; നേതാക്കളുടെ നാവിനും വാക്കിനും വിലങ്ങിട്ട് മുജാഹിദ് പ്രസ്ഥാനം
ലോ അക്കാദമി, യൂനിവേഴ്സിറ്റി കോളജ്, മടപ്പള്ളി കോളജ് തുടങ്ങിയ സമീപകാല ക്യാംപസ് വിഷയങ്ങളിൽ ജമാഅത്തിന്റെ നിയന്ത്രണത്തിലുളള മീഡിയവണ്‍ ചാനലില്‍ എസ്ഐഒക്ക് പകരം ചര്‍ച്ചക്ക് എത്തിയത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം സംസ്ഥാന കോഡിനേറ്റര്‍ കെ.എസ്.നിസാര്‍ ആയിരുന്നു. സംഘടനയുടെ പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ളെങ്കിലും ഡമോക്രാറ്റിക് ഡയലോഗ് ഫോറം (ഡിഡിഎഫ്) എന്ന പേര് നല്‍കാനാണ് ധാരണ. തത്വത്തിൽ ഈ പേര് അംഗീകരിച്ചിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകും. സംസ്ഥാന കമ്മിറ്റി ഇതിനകം നിലവില്‍ വന്നിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നേതൃ പരിശീലന ക്യാംപുകളും പൂര്‍ത്തിയായി. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ വിവിധ വിദ്യാര്‍ഥി പ്രതിനിധാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധമുള്ള പൊതു പ്ളാറ്റ് ഫോം ആണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്.

സോളിഡാരിറ്റി യൂത്ത് മൂവ്മന്‍റിന്റെ പ്രവർത്തന മേഖല മാറ്റിയതു പോലെ എസ്ഐഒ യുടെ കാര്യത്തിലും സമൂലമായ മാറ്റത്തിനാണ് ജമാഅത്ത് തീരുമാനം. കേരളത്തിന്റെ പരിസ്ഥിതി-സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കെ തികച്ചും അപ്രതീക്ഷിതമായി മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമി സോളിഡാരിറ്റിയെ നിഷ്‌ക്രിയമാക്കിയത്. ഈ തീരുമാനം സംഘടനയ്ക്കുളളിലും പുറത്തും ചര്‍ച്ചാ വിഷയമായിരുന്നു. പൊതുരംഗത്ത് സജീവമായിരുന്ന സോളിഡാരിറ്റിയെ പിൻവലിച്ച തീരുമാനം തെറ്റായിരുന്നു എന്ന നിലപാടുളളവർ സംഘടനയ്ക്കുളളിൽ ഇപ്പോഴുമുണ്ട്. ഈ തീരുമാനമെടുത്ത് മൂന്നു വര്‍ഷമായെങ്കിലും ജമാ അത്തെ ഇസ്‌ലാമിയുടെ ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ ആകാത്ത വലിയ വിഭാഗം പ്രവര്‍ത്തകര്‍ സംഘടനക്ക് അകത്തുണ്ട്. കേരള സമൂഹത്തിൽ വ്യവസ്ഥാപിത ഇടതുപക്ഷ യുവജന സംഘടനകൾ പിന്മാറിയ ഇടങ്ങളിലെ സമരങ്ങളും ഇടപെടലുകളുമായാണ് പത്ത് വർഷം സോളിഡാരിറ്റി കേരളത്തിൽ സജീവമായിരുന്നത്.
Read More: ‘ജിന്നിന്റെ പിടിയില്‍’ മുജാഹിദുകള്‍; ലയനത്തിനുപിന്നാലെ അഭ്യന്തര കലഹം
പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുമായി ചേർന്നുളള സമരങ്ങളും പ്രവർത്തനങ്ങളും സോളിഡാരിറ്റിക്കും ജമാ അത്തെ ഇസ്‌ലാമിക്കും കേരള സമൂഹത്തിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് കേരളത്തിലെ എല്ലാ സമരമുഖങ്ങളിലും സാന്നിദ്ധ്യമായിരുന്ന സോളിഡാരിറ്റി ഇപ്പോൾ സജീവ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറിയ പൗരാവകാശ, മനുഷ്യാവകാശ ഇടപെടലുകളും ഫിലിം ഫെസ്റ്റിവലുമൊക്കെയായി ഒതുങ്ങിക്കഴിയുകയാണ്. പരിസ്ഥിതി സമരങ്ങളും മറ്റു സാമൂഹിക ഇടപെടലുകളും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കൈമാറി.
എസ്ഐഒയുടെ പേരില്‍ തന്നെയുള്ള മതഅംശം സംഘടനയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്ന് കൂടിയാണ് പുതിയ തീരുമാനം. ക്യാംപസ് രാഷ്ട്രീയത്തില്‍ കാര്യമായ സ്വാധീനമുള്ള സംഘടന അല്ളെങ്കിലും എസ്ഐഒ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ കോട്ടയായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, മടപ്പള്ളി കോളജ് തുടങ്ങിയ ക്യാംപസുകളില്‍ യൂണിറ്റ് രൂപീകരിക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും എസ്ഐഒയ്ക്ക് സാധിച്ചു.
കെഎസ്‌യു അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഈ ക്യാംപസുകളില്‍ ഇപ്പോഴും യൂണിറ്റ് ഇല്ല. ക്യാംപസ് രാഷ്ട്രീയത്തില്‍നിന്നും മറ്റു വിദ്യാര്‍ഥി പ്രശ്നങ്ങളിലെ ഇടപെടലുകളില്‍നിന്നും പിന്‍വലിക്കപ്പെടുന്ന എസ്ഐഒ പ്രവര്‍ത്തകരുടെ ആത്മീയ കാര്യങ്ങളിലാകും ഇനി കൂടുതല്‍ ശ്രദ്ധവയ്ക്കുക. ഇതിന്റെ സൂചനകളാണ് എസ്ഐഒ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ‘let the Quran design us’ എന്ന പേരിലുള്ള ഖുര്‍ആന്‍ ക്യാംപയിന്‍. പ്രവര്‍ത്തകരില്‍ ഖുര്‍ആന്‍ പഠനം പ്രോത്സാഹിപ്പിക്കലും മറ്റുമാണ് ക്യാംപയിനിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ ദിക്ര്‍ മജിലിസ് (ദൈവസ്മരണ സദസ്സ്) സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. ജമാഅത്ത് വൃത്തങ്ങളില്‍ തീര്‍ത്തും അപരിചിതമായ ഇത്തരം ആത്മീയ പരിപാടികളുമായി എസ്ഐഒ രംഗത്തത്തെിയത് സംഘടനക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചാ വിഷയം ആയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ വിദ്യാര്‍ഥിനികളുടെ സംഘടനയായ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജിഐഒ)വിനും സമാന രീതിയിലുള്ള പരിവര്‍ത്തനം സംഭവിക്കും.
അതേസമയം, അക്കാദമിക് വിഷയങ്ങളില്‍ എസ്ഐഒയും ജിഐഒയും കുറച്ചുകാലം കൂടി സജീവമായി ഉണ്ടാകും. ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം പോലുള്ള വിഷയങ്ങളില്‍ ദേശീയാടിസ്ഥാനത്തില്‍ ക്യാംപെയ്‌ൻ ഇപ്പോൾ എസ്ഐഒ നടത്തുന്നുണ്ട്. എന്നാല്‍, അധികം വൈകാതെ ഇത്തരം പ്രവര്‍ത്തന പരിപാടികള്‍ കൂടി വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗം ഏറ്റെടുക്കും. അതേസമയം, സോളിഡാരിറ്റിക്ക് സംഭവിച്ചത് എസ്ഐഒക്കും സംഭവിക്കുമോ എന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്. സോളിഡാരിറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പലരെയും വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയാത്ത മുന്‍ അനുഭവമാണ് ഈ ആശങ്കയുടെ അടിസ്ഥാനം.
1982 ലാണ് ജമാഅത്തെ ഇസ്‌ലാമി ദേശീയാടിസ്ഥാനത്തില്‍ എസ്ഐഒക്ക് രൂപം നല്‍കുന്നത്. അതുവരെ ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായി അറിയപ്പെട്ടിരുന്നത് സിമി ആയിരുന്നു. ആശയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സിമി ജമാഅത്തുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്വന്തമായ വിദ്യാര്‍ഥി സംഘടന എന്ന ആശയം ജമാഅത്ത് നടപ്പാക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്നത്തെ പല നേതാക്കളും എസ്ഐഒവിലൂടെ പൊതുരംഗത്ത് എത്തിയവരാണ്. നിലവിലെ ദേശീയ അസിസ്റ്റന്‍റ് അമീര്‍ ടി. ആരിഫലി, സംസ്ഥാന അമീര്‍ എം.ഐ.അബ്ദുല്‍ അസീസ്, മാധ്യമം ദിനപത്രത്തിന്റെ പബ്ളിഷന്‍ ടി.കെ.ഫാറൂഖ്, മീഡിയാവണ്‍ മാനേജിങ് എഡിറ്റര്‍ സി.ദാവൂദ്, മാധ്യമം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ.നൗഷാദ് തുടങ്ങിയവരെല്ലാം എസ്ഐഒ സംസ്ഥാന പ്രസിഡന്‍റ് പദം അലങ്കരിച്ചവരാണ്.