തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ. ജലീലിനെ ന്യായീകരിക്കാൻ പാർട്ടി ഒറ്റയ്ക്ക് ഇറങ്ങേണ്ടതില്ലെന്നും മന്ത്രി എന്ന നിലയിൽ ഒരു പക്വതയും കെ ടി ജലീൽ കാട്ടിയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പുലർച്ചെ തന്നെ സ്വകാര്യ വാഹനത്തിൽ ഒളിച്ച് പോയ ജലീലിന്‍റെ നടപടി സർക്കാരിന് നാണക്കേടാണ് വരുത്തി വച്ചത്. ഇതിന് മുമ്പേ, ‘ഈച്ച പാറിയാൽ അറിയുമെന്ന ചിലരുടെ ധാർഷ്ട്യത്തിന് മുഖത്തേറ്റ അടിയെന്ന’ നിലയിൽ മറുപടി പറഞ്ഞതും മാധ്യമങ്ങളെ വെല്ലുവിളിച്ചതും തെറ്റായിപ്പോയെന്നും യോഗത്തിൽ വിമർശനമുയർന്നു.

ജലീലിന്റെ ഇടപെടൽ ഒരു ഇടതുപക്ഷ സർക്കാരിനു യോജിച്ച നിലയിലല്ല. എൽ.ഡി.എഫ്. തീരുമാനിക്കുന്ന പ്രചാരണ പരിപാടികളിൽമാത്രം ജലീലിന്റെ കാര്യത്തിൽ സിപിഐ പ്രതിരോധം ഒതുങ്ങണമെന്നും നേതാക്കൾ പറഞ്ഞു.

Read More: സെക്രട്ടറിയേറ്റ് തീപിടിത്തം: നയതന്ത്ര ഫയലുകൾ കത്തിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടി

വാർത്താസമ്മേളനങ്ങളിലും മറ്റുമായി മുഖ്യമന്ത്രി വിവാദങ്ങൾക്ക് മറുപടി നൽകുന്ന ശൈലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് ഉയർത്തുന്നതെന്ന് യോഗത്തിൽ വിമർശനമുയർന്നു. വിവാദങ്ങളിൽ മുഖ്യമന്ത്രി നടത്തുന്നത് അലോസരപ്പെടുത്തുന്ന പ്രതികരണങ്ങളാണ്. ഇത് ശരിയല്ലെന്നും യോഗത്തിൽ ചില അംഗങ്ങൾ കുറ്റപ്പെടുത്തി.

സമീപകാല വിവാദങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു. നല്ലരീതിയിൽ പ്രവർത്തിച്ച സർക്കാരിന്റെ പ്രതിച്ഛായ കളഞ്ഞുകുളിക്കുകയാണുണ്ടായത്. ഓരോ കൺസൽട്ടൻസി ഏജൻസികളും ഓരോ സർക്കാരായി പ്രവർത്തിക്കുന്ന സ്ഥിതിയാണ്. എല്ലാ വിവാദങ്ങളെയും മറികടക്കുമെന്നായിരുന്നു യോഗത്തിൽ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയായി പറഞ്ഞത്.

കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിലും കടുത്ത വിയോജിപ്പാണ് നേതാക്കൾക്കുള്ളത്. മറുപാളയത്തിൽനിന്ന് മുന്നണി വിട്ടുവരുന്നവരെ കൈനീട്ടി സ്വീകരിക്കുന്ന സ്ഥിതി വേണ്ടാ. യുഡിഎഫ് വിട്ടുവരുന്നവരെ നേരിട്ട് മുന്നണിയിലെടുക്കുകയെന്ന കീഴ്‌വഴക്കമുണ്ടാക്കുന്നത് ശരിയല്ല. അത്തരമൊരു മൃദുസമീപനം ജോസ് കെ. മാണിയുടെ കാര്യത്തിൽ സ്വീകരിക്കേണ്ടതില്ലെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കേരളകോൺഗ്രസുമായി സഹകരണമാകാമെന്നും യോഗത്തിൽ ചിലർ അഭിപ്രായമുന്നയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.