തിരുവനന്തപുരം: ജലന്ധറില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ (61) മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കൊച്ചിയിലെത്തിക്കും. ബന്ധുക്കള്‍ മൃതദേഹത്തെ അനുഗമിക്കും.

സഹോദരന്റെ പരാതിയിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 174-ാം വകുപ്പനുസരിച്ച് പഞ്ചാബ‌് പൊലീസ‌് വിശദമൊഴി രേഖപ്പെടുത്തി. കേരളത്തില്‍നിന്ന‌് സഹോദരൻ ജോസ് കാട്ടുതറ എത്തി മരണം സംഭവിച്ച മുറി നേരില്‍ കണ്ടശേഷമാണ് അസ്വാഭാവികത ചൂണ്ടിക്കാട്ടി ഹോഷിയാർപുർ പൊലീസിൽ പരാതി നൽകിയത്. വൈദികന്റെ വിദേശത്തുള്ള മറ്റൊരു സഹോദരനും ജലന്ധറില്‍ എത്തിയിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച വൈകിട്ട‌് അഞ്ചോടെ കേരളത്തിലെത്തിക്കുമെന്ന‌് ബന്ധുക്കൾ പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ.കുര്യാക്കോസ് കാട്ടുതറ മൊഴി നൽകിയിട്ടുണ്ട‌്.

പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവ പരിശോധനാഫലവും ലഭിച്ചശേഷം കേസെടുക്കുന്നതിൽ തീരുമാനമെടുക്കുമെന്ന‌് പൊലീസ‌് അറിയിച്ചു. മൃതദേഹത്തിൽ ആന്തരികമോ ബാഹ്യമോ ആയ മുറിവുകൾ കണ്ടെത്താനായില്ലെന്ന് നാലംഗ മെഡിക്കൽ സംഘത്തിലെ ഡോ.ജസ്‌വീന്ദർ സിങ‌് പറഞ്ഞു.

പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിന് ഒന്നരമാസവും രാസപരിശോധനാ ഫലത്തിന് ആറുമാസംവരെയും സമയം എടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ജലന്ധർ രൂപതയ്ക്കു കീഴിലുള്ള ദൗസയിലെ സെന്റ് പോൾ കോൺവെന്റ് സ്കൂൾ ക്യാമ്പസിലെ മുറിയിൽ തിങ്കളാഴ്ചയാണ് ചേർത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഫാ.കുര്യാക്കോസിന്റെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളിൽനിന്ന‌് മൊഴിയെടുത്തെന്ന‌് ദസുവ സ്റ്റേഷൻ ഓഫീസർ ജഗദീഷ് രാജ് അറിയിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന‌് പരിശോധിച്ചുവരികയാണെന്ന‌് ഡിഎസ‌്‌പി എ.ആർ.ശർമ പറഞ്ഞു. അന്വേഷണങ്ങളോട് പൂർണമായി സഹകരിക്കുമെന്ന് ജലന്ധർ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ് ഡോ.ആഞ്ജലോ ഗ്രേഷ്യസ് പ്രസ്താവനയിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.