കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ വ്യക്തിഹത്യ ചെയ്ത് സഭ. കന്യാസ്ത്രീയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന് മദര്‍ ജനറല്‍ റെജീന കടംതോട്ട് പറഞ്ഞു. മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കന്യാസ്ത്രീയുടെ ബന്ധുവായ സ്ത്രീയാണ് സഭയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് റജീന ആരോപിച്ചത്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ട് എന്നായിരുന്നു സ്ത്രീ പരാതി നല്‍കിയതെന്നാണ് റെജീന പറഞ്ഞത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുഴയ്ക്കല്‍ രക്ഷാധികാരിയായ മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ മദര്‍ ജനറല്‍ ആണ് റെജീന.

‘കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് പരാതി കിട്ടിയിരുന്നു. അവരുടെ ബന്ധുവായ സ്ത്രീയാണ് പരാതി നല്‍കിയത്. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നാണ് യുവതി പരാതിപ്പെട്ടത്. സഭ അന്വേഷണം നടത്തിയെങ്കിലും അച്ചടക്ക നടപടി ഭയന്ന് അവര്‍ വിശദീകരണം നല്‍കിയില്ല. തെറ്റുകാരിയാണെന്ന് കണ്ടെത്തിയതോടെ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അച്ചടക്ക നടപടി സ്വീകരിച്ചു. ഇതാണു ബിഷപ്പിനെതിരായുള്ള പരാതിക്കു കാരണമായത്. എന്റെ തിരുവസ്ത്രം ഊരിക്കുമെന്നും കന്യാസ്ത്രീ ഭീഷണിപ്പെടുത്തി. ഒത്തു തീര്‍പ്പിനായി ഞാന്‍ നല്‍കിയ കത്തുകള്‍ പുറത്തുവിട്ടത് ശരിയായില്ല’, റെജീന പറഞ്ഞു.

‘ബിഷപ്പിനെതിരെ ഇത്തരത്തിലുളള പരാതി മുമ്പ് കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇതിലെ വസ്തുത കൂടുതലായി അറിയില്ല. സഭയേയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കുന്ന കാര്യം ആയത് കൊണ്ട് തന്നെ വിഷമമുണ്ട്. മറ്റ് കന്യാസ്ത്രീകള്‍ക്കും വിഷമമുണ്ട്. എല്ലാം ശരിയാവാനായി പ്രാര്‍ത്ഥിക്കുന്നു’, റെജീന കൂട്ടിച്ചേര്‍ത്തു.

പീഡന പരാതിയില്‍ രൂപതയ്ക്ക് കീഴിലുള്ള കണ്ണൂരിലെ രണ്ട് മഠങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിട്ടുണ്ട്. ജലന്ധര്‍ രൂപതക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പരിയാരത്തെ സെന്റ് ക്ലാര കോണ്‍വെന്റ്, പാണപ്പുഴയിലെ മരിയ സദന്‍ കോണ്‍വെന്റ് എന്നിവിടങ്ങളിലാണ് ഇന്നലെ അന്വേഷണ സംഘം പരിശോധന നടത്തിയത്.

2013- 14 കാലയളവില്‍ ഈ കോണ്‍വെന്റുകളില്‍ പൊതുപരിപാടിക്കെത്തിയ ബിഷപ്പ് തിരികെ പോകും വഴി കുറവിലങ്ങാട് മഠത്തിൽവച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ പരിശോധന.

കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് എത്തിയത്. അന്വേഷണ സംഘം കോണ്‍വെന്റിലെ സന്ദര്‍ശന റജിസ്റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുകയും കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്ന കാലയളവില്‍ ബിഷപ്പ് ഇവിടെ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ കണ്ടെത്തി. എന്നാല്‍ ഈ സമയത്ത് ഒരിക്കല്‍ പോലും ബിഷപ്പ് ഇവിടെ താമസിച്ചിട്ടില്ല.

ബിഷപ്പ് ജലന്തര്‍ ബിഷപ്പ് അവിടം വിടരുതെന്ന് കാണിച്ച് കേരള ഡിജിപി അവിടുത്തെ പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീയെ 13തവണ പ്രക്യതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയയാക്കി എന്നാണ് പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ