കൊച്ചി: ബലാത്സംഗ പരാതിയിൽ ജലന്ധർ ബിഷപ്പ്​ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതരും കോട്ടയത്തെ മാർത്തോമ്മ സഭയില വൈദികരും സമരത്തിന് പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി.  സമരസമിതി അദ്ധ്യക്ഷന്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിക്ക് പുറമേ കത്തോലിക്കാ സഭയില്‍ നിന്നുമുള്ള ഫാദർ പോൾ തേലക്കാട്ട്, ജോസഫ് പാറേക്കാട്ടിൽ, ജോയ്സ് കൈതക്കൂട്ടിൽ, ജിമ്മി കക്കട്ട്ചിറ, ബെന്നി മാരാംപറമ്പില്‍, കുര്യൻ കുരിശിങ്കൽ, പോൾ ചിറ്റിലപ്പിള്ളി, രാജൻ പൊമ്മയ്ക്കൽ, സോണി കല്ലൂക്കാരൻ, ജെറിന്‍ പാലത്തിങ്കല്‍ എന്നിവരാണ് ഐക്യദാര്‍ഢ്യവുമായി എത്തിയത്. കോട്ടയം മാര്‍ത്തോമാ സഭയില്‍ നിന്നുള്ള പുരോഹിതരും സമരത്തിനെത്തി. ഫാദര്‍ വൈ ടി വിനയരാജ്, ഫാദര്‍ ചെറിയാന്‍ വര്‍ഗീസ്‌, ഫാദര്‍ സജീവ്‌ തോമസ്‌, ഫാദര്‍ റെനി വര്‍ഗീസ്‌ എന്നിവരാണ്  എത്തിച്ചേര്‍ന്നത്.

ഹൈക്കോടതി ജംങ്ഷനിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്. പ്രതിഷേധക്കാർ മുഴുവൻ നിൽപ് സമരത്തിലും പങ്കെടുത്തു. 15 മിനിറ്റായിരുന്നു നിൽപ്പ് സമരം. അതേസമയം, ബിഷപ്പിനെതിരെ നടപടി എടുക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി.

അതിനിടെ, ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് കേരളത്തിലേക്ക് എത്തും. അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹം എത്തുന്നത്. 19 ന് രാവിലെ 10 ന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്നാണ് ബിഷപ്പിന് നൽകിയിരിക്കുന്ന നോട്ടീസ്. ഇതിനുമുന്നോടിയായി ബിഷപ്പ് തന്റെ ചുമതലകൾ കൈമാറിയിട്ടുണ്ട്. ഫാ.മാത്യു കോക്കണ്ടത്തിനാണ് ചുമതല കൈമാറിയത്. ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത്, ഫാ.ബിബിൻ ഓട്ടക്കുന്നേൽ എന്നിവർക്കും വിവിധ ചുമതലകൾ നൽകിയിട്ടുണ്ട്.

അതേസമയം, ബിഷപ്പിനെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചോദ്യം ചെയ്യലിനായി ചോദ്യാവലി തയ്യാറാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ