തിരുവനന്തപുരം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ചുമതലകൾ കൈമാറി. ഫാ.മാത്യു കോക്കണ്ടത്തിനാണ് ചുമതല കൈമാറിയത്. ഫാ.ജോസഫ് തേക്കുംകാട്ടിൽ, ഫാ.സുബിൻ തെക്കേടത്ത്, ഫാ.ബിബിൻ ഓട്ടക്കുന്നേൽ എന്നിവർക്കും വിവിധ ചുമതലകൾ നൽകിയിട്ടുണ്ട്.

എല്ലാം ദൈവത്തിന് കൈമാറുന്നുവെന്ന് ബിഷപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ഇവയെ നേരിടാനാണ് തീരുമാനമെന്നും ബിഷപ്പ് സർക്കുലറിൽ പറയുന്നു.

അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് അദ്ദേഹം ചുമതലകൾ കൈമാറിയതെന്നാണ് വിവരം. 19 ന് രാവിലെ 10 ന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്നാണ് ബിഷപ്പിന് നൽകിയിരിക്കുന്ന നോട്ടീസ്. അതേസമയം, ബിഷപ്പിനെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചോദ്യം ചെയ്യലിനായി ചോദ്യാവലി തയ്യാറാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ബിഷപ്പ് ചുമതലകൾ കൈമാറിയത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് സമരത്തിലുളള കന്യാസ്ത്രീകൾ പറയുന്നത്. പീഡന പരാതിയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസവും തുടരുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്നാണ് കന്യാസ്ത്രീകൾ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.