കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം. ബിഷപ്പിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിഷപ്പിന്റെ ചോദ്യം ചെയ്യൽ വൈക്കത്ത് വച്ച് തന്നെ നടത്തും. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ മറ്റൊരു സ്ഥലത്തേക്ക് മാറ്റൂവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25 ലേക്കാണ് ഹൈക്കോടതി മാറ്റിയത്. അതേസമയം, കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കേരളത്തിലെത്തും. വൈക്കം ഡിവൈഎസ്പി ഓഫിസിൽവച്ച് ബിഷപ്പിനെ നാളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക.

പരാതിയില്‍ ഇത് രണ്ടാം തവണയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങുകയായിരുന്നു. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയില്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ