ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘം ഒൻപത് മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാൽ ബിഷപ്പിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

പരാതിയിൽ പറയുന്ന പ്രകാരം പീഡനം നടന്നുവെന്ന് ആരോപിക്കപ്പെട്ട ദിവസം കുറവിലങ്ങാട്ടെത്തിയില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്നു. എന്നാൽ ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ എത്തിയ അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അഞ്ച് മണിക്കൂറാണ് കാത്തിരുന്നത്. രാത്രി എട്ടു മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ പുലര്‍ച്ചെ അഞ്ചു വരെ നീണ്ടു. കന്യാസ്ത്രീ പരാതിപ്പെട്ട ആദ്യ തീയതിയിൽ പോലും കുറവിലങ്ങാട് മഠത്തിൽ എത്തിയിട്ടില്ലെന്ന വാദത്തിൽ ചോദ്യം ചെയ്യലിൽ ഉടനീളം ബിഷപ്പ് ഉറച്ചു നിന്നു.

മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞാണ് പൊലീസ് സംഘം ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് മടങ്ങിയത്. ബിഷപ്പിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധന പൊലീസ് സംഘം തിരികെ കേരളത്തിലെത്തിയ ശേഷമേ ഉണ്ടാകൂ.

ഇന്നലെ ചോദ്യം ചെയ്യാനായി പൊലീസ് സംഘം ബിഷപ്പ് ഹൗസിന് മുന്നിൽ കാത്തിരിക്കുമ്പോൾ ഫ്രാങ്കോ മുളക്കൽ ഇവിടെ ഉണ്ടായിരുന്നില്ല. വൈകിട്ട് 7.15 ഓടെയാണ് അദ്ദേഹം ഇവിടെ എത്തിയത്. ഈ സമയത്ത് ബിഷപ്പിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ബിഷപ്പ് അനുകൂലികളാൽ ആക്രമിക്കപ്പെട്ടു. പഞ്ചാബ് പൊലീസ് ഇത് നോക്കിനിന്നതല്ലാതെ ഇടപെട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.