തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയ്യാറാകുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ഫ്രാങ്കോയ്ക്ക് അന്വേഷണ സംഘം മറ്റന്നാള്‍ നോട്ടീസ് നല്‍കും. നാളെ ഐജിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നോട്ടീസ് നല്‍കുന്നതില്‍ തീരുമാനം എടുക്കുമെന്നാണ് വിവരം. ഒരാഴ്ച്ചക്കകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാനാണ് ബിഷപ്പിനോട് ആവശ്യപ്പെടുക. കഴിഞ്ഞ അവലോകന യോഗത്തില്‍ ചൂണ്ടിക്കാണിച്ച വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായാണ് എസ്പി ഐജിയെ അറിയിച്ചത്. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചാകും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് വിവരം.
തനിക്കെതിരായ പരാതിയിൽ നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കിയിട്ടുണ്ട്. ‘പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. സമരം ചെയ്യാനുളള സ്വാതന്ത്ര്യം കന്യാസ്ത്രീകൾക്കുണ്ട്. സഭയ്ക്ക് എതിരായ ശക്തികൾ ഇവരെ ഉപയോഗിക്കുന്നു. കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ ആക്രമിക്കാനാണ് ഇവരുടെ ശ്രമമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു.
പീഡന പരാതിയിൽ നീതി തേടി കന്യാസ്ത്രീ വത്തിക്കാൻ സ്ഥാനപതിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാർക്കും കത്തെഴുതിയ സാഹചര്യത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. മിഷനറീസ് ഓഫ് ജീസസ്സിലെ കന്യാസ്ത്രീകളെ കഴുകൻ കണ്ണുകളോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കാണുന്നതെന്ന് കന്യാസ്ത്രീ കത്തിൽ പറയുന്നു. 2017 ൽ തന്നെ ഇത്തരമൊരു പരാതി ബിഷപ്പിനെതിരെ നൽകിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഈ വിഷയത്തെ ഒതുക്കി തീർത്തത്. 2017 മുതൽ സഭയ്ക്ക് അകത്തുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ ഇടപെടലുകളുടെ തെളിവുകളും കന്യാസ്ത്രീ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ബിഷപ്പിനെതിരെ പരാതി നൽകുന്ന കന്യാസ്ത്രീകളെ മറ്റു സംസ്ഥാനത്തേക്ക് സ്ഥലം മാറ്റുന്നത് ഫ്രാങ്കോ മുളയ്ക്കലിന്റെ പതിവു രീതിയാണ്. കഴിഞ്ഞ 5 വർഷത്തിനിടെ 20 കന്യാസ്ത്രീകളാണ് മിഷനറീസ് ഓഫ് ജീസസ്സിൽനിന്നും പടിയിറങ്ങിയതെന്ന് കന്യാസ്ത്രീ കത്തിൽ പറയുന്നു. ബിഷപ്പുമാർക്ക് മാത്രമാണ് സഭ സംരക്ഷണം നൽകുന്നത്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല. കന്യാസ്ത്രീകൾക്ക് സഭ രണ്ടാനമ്മയെ പോലെയാണെന്ന് തന്റെ അനുഭവം തെളിയിച്ചുവെന്ന് വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച കത്തിൽ പറയുന്നു.
കഴിഞ്ഞ കുറേ നാളുകളായി നീതിക്കുവേണ്ടി പോരാടുകയാണ്. ഡിവൈഎസ്പി കൃത്യമായ തെളിവുകൾ ഹൈക്കോടതിയിൽ നൽകിയിട്ടും സഭയും സർക്കാരും കേസിൽ വേണ്ടത്ര നടപടിയെടുത്തില്ലെന്നും കത്തിൽ പറയുന്നു. സർക്കാരിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പണവും ഉന്നത സ്വാധീനവും ഉപയോഗിച്ച് ബിഷപ് കേസ് അട്ടിമറിക്കാനുളള നീക്കമാണ് നടത്തുന്നത്. കേസിൽ വത്തിക്കാനിൽനിന്നുളള അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും കന്യാസ്ത്രീ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് പുറമേ രാജ്യത്തെ പ്രധാന 21 ബിഷപ്പുമാർക്കും കന്യാസ്ത്രീ കത്ത് അയച്ചിട്ടുണ്ട്. വത്തിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് കന്യാസ്ത്രീ കത്തെഴുതുന്നത്.