കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ കന്യാസ്ത്രീ നൽകിയ മൊഴി പുറത്ത്. 2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു മൊഴി നൽകി. ഇന്നലെയാണ് ക്രൈം ബ്രാഞ്ച് കന്യാസ്ത്രീയുടെ മൊഴിയെടുത്തത്.
പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് റജിസ്റ്റർ പരിശോധിച്ചതിൽനിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. കുറുവിലങ്ങാട്ടെ മഠത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കൊപ്പം താമസിക്കുന്ന മറ്റു കന്യാസ്ത്രീകളുടെ മൊഴിയും വരുംദിവസങ്ങളില്‍ പൊലീസ് രേഖപ്പെടുത്തും. നാല് കന്യാസ്ത്രീകള്‍ പരാതിക്കാരിയെ പിന്തുണച്ച് മൊഴി നല്‍കുമെന്നും വിവരമുണ്ട്.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു.