കോട്ടയം: വത്തിക്കാൻ സ്ഥാനപതിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാർക്കും പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ കത്ത്. മിഷനറീസ് ഓഫ് ജീസസ്സിലെ കന്യാസ്ത്രീകളെ കഴുകൻ കണ്ണുകളോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കാണുന്നതെന്ന് കന്യാസ്ത്രീ കത്തിൽ പറയുന്നു. 2017 ൽ തന്നെ ഇത്തരമൊരു പരാതി ബിഷപ്പിനെതിരെ നൽകിയിരുന്നു. പരാതി നൽകിയ കന്യാസ്ത്രീയെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഈ വിഷയത്തെ ഒതുക്കി തീർത്തത്. 2017 മുതൽ സഭയ്ക്ക് അകത്തുണ്ടായിരുന്ന മറ്റു കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ ഇടപെടലുകളുടെ തെളിവുകളും കന്യാസ്ത്രീ കത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ബിഷപ്പിനെതിരെ പരാതി നൽകുന്ന കന്യാസ്ത്രീകളെ മറ്റു സംസ്ഥാനത്തേക്ക് സ്ഥലം മാറ്റുന്നത് ഫ്രാങ്കോ മുളയ്ക്കലിന്റെ പതിവു രീതിയാണ്. കഴിഞ്ഞ 5 വർഷത്തിനിടെ 20 കന്യാസ്ത്രീകളാണ് മിഷനറീസ് ഓഫ് ജീസസ്സിൽനിന്നും പടിയിറങ്ങിയതെന്ന് കന്യാസ്ത്രീ കത്തിൽ പറയുന്നു. ബിഷപ്പുമാർക്ക് മാത്രമാണ് സഭ സംരക്ഷണം നൽകുന്നത്. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല. കന്യാസ്ത്രീകൾക്ക് സഭ രണ്ടാനമ്മയെ പോലെയാണെന്ന് തന്റെ അനുഭവം തെളിയിച്ചുവെന്ന് വത്തിക്കാൻ സ്ഥാനപതിക്ക് അയച്ച കത്തിൽ പറയുന്നു.

കഴിഞ്ഞ കുറേ നാളുകളായി നീതിക്കുവേണ്ടി പോരാടുകയാണ്. ഡിവൈഎസ്പി കൃത്യമായ തെളിവുകൾ ഹൈക്കോടതിയിൽ നൽകിയിട്ടും സഭയും സർക്കാരും കേസിൽ വേണ്ടത്ര നടപടിയെടുത്തില്ലെന്നും കത്തിൽ പറയുന്നു. സർക്കാരിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പണവും ഉന്നത സ്വാധീനവും ഉപയോഗിച്ച് ബിഷപ് കേസ് അട്ടിമറിക്കാനുളള നീക്കമാണ് നടത്തുന്നത്. കേസിൽ വത്തിക്കാനിൽനിന്നുളള അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും കന്യാസ്ത്രീ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് പുറമേ രാജ്യത്തെ പ്രധാന 21 ബിഷപ്പുമാർക്കും കന്യാസ്ത്രീ കത്ത് അയച്ചിട്ടുണ്ട്. വത്തിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് കന്യാസ്ത്രീ കത്തെഴുതുന്നത്.

അതേസമയം, സഹോദരിക്ക് നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുമെന്നും മിഷനറീസ് ഓഫ് ജീസസിന്റെ എതിര്‍പ്പിനും ആരോപണങ്ങൾക്കും പിന്നില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആണെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.

ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്. സമരത്തിന് അഭിവാദ്യമർപ്പിച്ചു നിരവധി പേർ ഹൈക്കോടതി ജംങ്ഷനിലെ സമരപ്പന്തലിൽ എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.