/indian-express-malayalam/media/media_files/uploads/2018/06/Jalandhar-Bishop.jpg)
കോട്ടയം: അപമാനിക്കപ്പെടുമെന്ന് ഭയന്നാണ് ലൈംഗിക പീഡനത്തെക്കുറിച്ച് സഭയോട് പറയാതിരുന്നതെന്ന് ജലന്ധർ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി. സഭയിൽനിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് കിട്ടാതെ വന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകി. മാതൃഭൂമി ന്യൂസ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഇത് മൂന്നാം തവണയാണ് അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. ഇന്നലെ 5 മണിക്കൂറോളമാണ് മൊഴിയെടുത്തത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും പാലാ ബിഷപ്പിനും അടക്കം കന്യാസ്ത്രീ ആദ്യം കൊടുത്ത പരാതിയിൽ ലൈംഗിക പീഡനം സംബന്ധിച്ച കാര്യം ഉണ്ടായിരുന്നില്ല. ഇതാണ് അന്വേഷണ സംഘം പ്രധാനമായും കന്യാസ്ത്രീയോട് ചോദിച്ചത്. തന്റെ സ്ത്രീത്വം അപമാനിക്കപ്പെടുമെന്ന് ഭയന്നാണ് പരാതിയിൽ ആദ്യം ഇക്കാര്യം പറയാതിരുന്നതെന്നാണ് കന്യാസ്ത്രീ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. തന്റെ പരാതിയിൽ സഭ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്നും അവർക്കു മുന്നിൽ എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നുമാണ് കരുതിയത്. എന്നാൽ പരാതിയിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചതെന്നാണ് കന്യാസ്ത്രീ നൽകിയിരിക്കുന്ന മൊഴി.
അതേസമയം, ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് സൂചന. തിങ്കളാഴ്ച ഐജി, കോട്ടയം എസ്‌പി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകന യോഗം ചേരുന്നുണ്ട്. ജലന്ധറിലുളള ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തുന്നത് സംബന്ധിച്ച തീരുമാനം അന്നുണ്ടായേക്കും. ബലാത്സംഗ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ജലന്ധർ ബിഷപ് ഹൗസിലെത്തിയാണ് ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് റജിസ്റ്റർ പരിശോധിച്ചതിൽനിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.