കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ കത്തോലിക്ക സഭ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും. കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തി വരുന്ന സമരത്തിന് പിന്തുണ ഏറുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

ഫ്രാങ്കോമുളയ്കലിനെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം ദുർബലപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാർ ആരായാലും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താൻ പൊലീസ് തീരുമാനിച്ചതിന് പിന്നിലും കന്യാസ്ത്രീകളുടെ സമരം കാരണമാണ്. കന്യാസ്ത്രീകൾ ശക്തമായ സമരവുമായി രംഗത്ത് വന്നതോടെയാണ് അന്വേഷണ സംഘം പ്രതിരോധത്തിലായത്.


പ്രതിഷേധത്തിനെത്തിയ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി സംസാരിക്കുന്നു

ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് കന്യാസ്ത്രീകളുടെ സമരം. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കന്യാസ്ത്രീകൾ തീരുമാനിച്ചിരിക്കുന്നത്.  അന്വേഷണം അവസാനഘട്ടത്തിലാണെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കര്‍ പറഞ്ഞു. കേസിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചുവെന്നാണ് അന്വേഷണ അവലോകനയോഗത്തിലെ വിലയിരുത്തൽ.

ബലാത്സംഗ പരാതി ആയിരുന്നിട്ട് കൂടി പ്രതിയെ പൊലീസ് 75 ദിവസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിൽ തെളിവുകൾ വേഗത്തിൽ ഹാജരാക്കാൻ ഉദ്ദേശിച്ച് കടുത്തുരുത്തി, വാകത്താനം സർക്കിൾ ഇൻസ്പെക്ടർമാരെയും കോട്ടയം സൈബർ സെൽ എസ്ഐയെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈക്കം ഡിവൈഎസ്‌പി സുഭാഷിന് തന്നെയാണ് അന്വേഷണ ചുമതല. അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി, പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാൽ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ