കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിസ്ഥാനത്തുളള ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും അറസ്റ്റ് പോലുളള കാര്യങ്ങളിൽ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ തീരുമാനം കൈക്കൊളളാൻ സാധിക്കൂവെന്നും കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു.

നാളെ രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിൽ ഹാജരാകാൻ ബിഷപ് ഫ്രാങ്കോ മുളക്കലിന് നോട്ടീസ് നൽകിയിട്ടുണ്ട്. അദ്ദേഹം ഹാജരാകാമെന്ന് സമ്മതിച്ചെന്നും ഹരിശങ്കർ പറഞ്ഞു. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യൽ തുടങ്ങുമെന്നും ബിഷപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഹരിശങ്കർ പറഞ്ഞു.

താൻ നിരപരാധിയാണെന്ന് ബിഷപ്പ് പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആവർത്തിച്ചു. വ്യാജപരാതിയാണ് കന്യാസ്ത്രീ ഉന്നയിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ കുറവിലങ്ങാട് മഠത്തിൽ താൻ  താമസിച്ചിട്ടില്ലെന്നാണ് ബിഷപ് പൊലീസുദ്യോഗസ്ഥരോട് ആവർത്തിച്ചത്.  പീഡന പരാതിക്കു പിന്നിൽ ദുരുദ്ദേശ്യമാണുള്ളതെന്നും പരാതിക്കാരിയെ കുറ്റപ്പെടുത്തി ബിഷപ് പറഞ്ഞു.

തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ബിഷപിനെ ചോദ്യം ചെയ്യുന്നത്. കോട്ടയം എസ്പി ‌ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. പൊലീസിന്റെ ചോദ്യാവലി പ്രകാരം തന്നെ മറുപടി നൽകണമെന്നാണ് ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

വൈക്കത്ത് നിന്നും കൊച്ചിയിലേക്ക് ചോദ്യം ചെയ്യൽ മാറ്റിയത് സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ്. ഇത് രണ്ടാം തവണയാണ് ബിഷപ്പിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നേരത്തെ ജലന്ധറിലെത്തിയാണ് ചോദ്യം ചെയ്തത്.  അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പിയായ കെ. സുഭാഷ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്.

അത്യാധുനിക സംവിധാനങ്ങളോടെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മൂന്ന് ക്യാമറകളുൾപ്പെടെയുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക എന്നറിയുന്നു. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായിട്ടായിരിക്കും ചോദ്യം ചെയ്യൽ.

തെളിവുകൾ ബോധ്യപ്പെട്ടാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു. ഇന്നത്തെ ചോദ്യം ചെയ്യലിൽ നിന്നും തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. കൂടുതൽ അന്വേഷണം വേണ്ടി വന്നാൽ അതനുസരിച്ചായിരിക്കും നടപടി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യങ്ങൾ തീരുമാനിക്കാനാവു. ഹൈക്കോടതി ബിഷപ്പിന്റെ അറസ്റ്റ് തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം ഡി വൈ എസ് പിയായ കെ. സുഭാഷ് ആണ് അന്വേഷണ ചുമതലയുളള ഉദ്യോഗസ്ഥൻ. രാവിലെ രണ്ട് മണിക്കൂറോളം സമയം കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം എസ് പി ഹരിശങ്കറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്ന് രാവിലെ 9:30നുള്ളില്‍ അന്വേഷണത്തിന്റെ ചുമതലയുള്ള വൈക്കം ഡിവൈഎസ് പി കെ സുഭാഷിന് മുന്നില്‍ ഹാജരാകണം എന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന് നല്‍കിയ നിര്‍ദ്ദേശം. പരാതിയെടുത്ത കുറുവിലങ്ങാട് സ്റ്റേഷനില്‍ വച്ചോ വൈക്കം ഡിവൈഎസ്‌പിയുടെ ഓഫീസില്‍ വച്ച് തന്നെയോ ചോദ്യംചെയ്യല്‍ നടക്കും എന്നാണ് കരുതിയിരുന്നത്.

തിങ്കളാഴ്ച വൈകിട്ടോടെ ജലന്ധര്‍ ബിഷപ്പ് എറണാകുളത്ത് എത്തിയതായാണ് വിവരം. പരാതിയില്‍ ഇത് രണ്ടാം തവണയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്ധറിലെത്തി അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. വസ്തുതാപരമായ മറുപടിയില്ലെങ്കില്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അപേക്ഷ ഇന്നലെ കോടതി മാറ്റിയിരുന്നു. ഈ മാസം 25 ലേക്കാണ് മാറ്റിയത്. സർക്കാരിനോട് വിശദീകരണം തേടിയാണ് ജാമ്യാപേക്ഷ മാറ്റിയത്.

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റുണ്ടാകുമെന്ന സൂചനകളുള്ളതിനാലാണ് ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയതെന്ന് വാർത്താ ഏജൻസിയായ എഎന്‍ഐയാണ് റിപ്പോർട്ട് ചെയ്തിരുന്നു. തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും കുടുംബത്തിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നത്. കന്യാസ്ത്രീയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ് കന്യാസ്ത്രീയെന്നുമാണ് അദ്ദേഹം പറയുന്നത്. കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ആരോപിച്ചിരുന്നു.

അതേസമയം എറണാകുളത്ത് കന്യാസ്ത്രീകള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢവുമായി സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പലയിടത്തും സഭാവിശ്വാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് സമരാനുകൂലികള്‍ എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ