/indian-express-malayalam/media/media_files/uploads/2018/09/franco.jpg)
കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് ബുധനാഴ്ച യോഗം ചേരും. കോട്ടയത്ത് വച്ചാണ് യോഗം.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനാണ് യോഗം എന്ന സൂചനയുണ്ട്. ബിഷപ്പിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചു വരികെയാണ് യോഗം.
ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തണോ അതോ ജലന്ധറില്‍ പോയി അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ കേരള പൊലീസ് ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ആദ്യ ചോദ്യം ചെയ്യലുകളില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലോടെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനായിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ബലാത്സംഗ പരാതി ആയിരുന്നിട്ട് കൂടി പ്രതിയെ പൊലീസ് 76 ദിവസമായിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തിൽ തെളിവുകൾ വേഗത്തിൽ ഹാജരാക്കാൻ ഉദ്ദേശിച്ച് കടുത്തുരുത്തി, വാകത്താനം സർക്കിൾ ഇൻസ്പെക്ടർമാരെയും കോട്ടയം സൈബർ സെൽ എസ്ഐയെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈക്കം ഡിവൈഎസ്‌പി സുഭാഷിന് തന്നെയാണ് അന്വേഷണ ചുമതല. അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി, പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബം കോടതിയെ സമീപിച്ചാൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടും എന്നിരിക്കെയാണ് പൊലീസിന്റെ വേഗത്തിലുള്ള നീക്കം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.