കൊച്ചി: പിറവം പള്ളി വിഷയത്തില്‍ നിലപാട് അറിയിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ. പൂർവ്വ പിതാക്കന്മാരുണ്ടാക്കിയ പള്ളിയെ വിട്ടു കൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കോടതി അലക്ഷ്യമില്ലെന്നും പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചക്ക് യാക്കോബായ തയ്യാറാണെന്നും എന്നാല്‍ ഓർത്തഡോക്സ് സഭ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തുടർ നടപടികള്‍ ചർച്ച ചെയ്യാനായി നാളെ പിറവം പള്ളിയില്‍ സഭ എപ്പിസ്കോപ്പല്‍ സുനഹദോസ് ചേരും. സഭയും വിശ്വാസികളും ആത്മസംയമനം പാലിക്കുന്നത് ബലഹീനതയായി കാണരുതെന്നും ബാവ പറഞ്ഞു.

നേരത്തെ, സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും പൊലീസ് പിന്മാറണമെന്നും അവശ്യപ്പെട്ട് വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കി. പ്രതിഷേധത്തെ തുടർന്ന് പൊലീസ് നടപടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കവേയാണ് സർക്കാരിന്റെ നീക്കം.

പ്രകോപിതരായ ഒരു വിഭാഗം സ്ത്രീകൾ ഉൾപ്പടെയുള്ളവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും പള്ളിക്ക് മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പിറവം ടൗണിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പള്ളി പിടിച്ചടക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപിച്ച് യാക്കോബായ വിഭാഗക്കാർ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച നടന്ന കുർബാനയ്ക്ക് ശേഷവും ആളുകൾ പള്ളിയിൽ തന്നെ തങ്ങിയിരുന്നു.

പിറവം പള്ളിയിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണ നിർവ്വഹണം വേണം എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയിൽ കഴിഞ്ഞ മെയ് മാസത്തിൽ പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കലക്ടർ ചർച്ച വിളിക്കുകയും നിയമോപദേശം തേടിയ ശേഷം വിധി നടപ്പിലാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ