തിരുവനന്തപുരം: വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കേരളത്തിലെ പല ജയിലുകളിലായി കഴിയുന്ന 1850 കുറ്റവാളികളെ മോചിപ്പിക്കാനുള്ള നീക്കത്തില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെപിസിസി. പ്രസിഡന്റ് വി.എം.സുധീരന്‍. ബലാല്‍സംഗം, ലൈംഗികാതിക്രമങ്ങള്‍, ലഹരികടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരുള്‍പ്പെടെയുള്ളവരെ മോചിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സുധീരൻ പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ക്വട്ടേഷന്‍-ഗുണ്ടാ-മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവരികയും ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ രാഷ്ട്രീയസ്വാധീനത്തിന്റെപേരില്‍ മോചിപ്പിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും, ലഹരികടത്ത് നടത്തുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമഭേദഗതിവേണം എന്ന അഭിപ്രായം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നിലവിലുള്ള നിയമപ്രകാരം തന്നെ ശിക്ഷിക്കപ്പെട്ടവരെ വിട്ടയയ്ക്കുന്നു എന്നത് ഏറെ വിചിത്രമാണ്. വളരെ തെറ്റായ സന്ദേശമാണ് ഇതുവഴി സര്‍ക്കാര്‍ നല്‍കുന്നത്.

എന്തുചെയ്താലും ശിക്ഷിക്കപ്പെടുകയില്ലയെന്നും, ഇനി ശിക്ഷിക്കപ്പെട്ടാല്‍ അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ വരുമെന്നുള്ള ഒരു അവസ്ഥ കുറ്റവാളികള്‍ക്കും ക്വട്ടേഷന്‍-ഗുണ്ടാസംഘങ്ങള്‍ക്കും നല്‍കുന്ന പ്രോത്സാഹനവുമായിരിക്കും. അതുകൊണ്ട് തടവില്‍കഴിയുന്ന കൊടും കുറ്റവാളികളെ സ്വതന്ത്രമാക്കാനുള്ള നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.