കൊച്ചി: മെട്രോ യാത്രക്കായ്ക്കൊപ്പം ഇനി കുറഞ്ഞവിലയ്ക്ക് ജയിൽ വിഭവങ്ങൾ രുചിക്കാം. ജില്ലാ ജയിലിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫുഡ് ഫാക്ടറിയുടെ രണ്ടാമത്തെ വിൽപ്പന കൗണ്ടർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നാളെ രാവിലെ 10നുതുറക്കും. ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം നിർവഹിക്കും.
ജയില്‍ വകുപ്പ് ചെറിയ വിലയില്‍ വിപണയിലെത്തിക്കുന്ന ഭക്ഷണ വിഭവങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ഹിറ്റാണ്. ഇതേത്തുടര്‍ന്നാണ്, ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ കടന്ന് പോകുന്ന മെട്രോയിലും കൗണ്ടര്‍ തുറക്കുന്നത്. ഒരു ദിവസം ശരാശരി 65,000-ത്തോളം പേരാണ് മെട്രോ ഉപയോഗിക്കുന്നത്.
ചപ്പാത്തി, ബിരിയാണി, വെജിറ്റബിൾ ബിരിയാണി, പൊതിച്ചോറ്, നെയ്ചോറ്, ചില്ലി ചിക്കൻ, ചിക്കൻ 65, ചില്ലി ഗോബി, മുട്ടക്കറി, വെജിറ്റബിൾ കറി, ചെറുകടി, ചായ, ഉണ്ണിയപ്പം, അച്ചപ്പം എന്നിങ്ങനെ 14 ഭക്ഷ്യോൽപ്പന്നങ്ങളാണ് ഫ്രീഡം ഫുഡ് ഫാക്ടറി വിൽപ്പന കൗണ്ടർ വഴി ലഭിക്കുക. ബിരിയാണിക്ക് 65 രൂപയാണ്. ചില്ലി ചിക്കന്‍ 60 രൂപയും ചിക്കൻ 65 ന് 50 രൂപയുമാണ് വില.
വിയ്യൂർ സബ് ജയിലിൽനിന്ന് തുണി സഞ്ചിയും മെഴുകുതിരിയും
വിയ്യൂർ സബ് ജയിലിൽനിന്നു തുണി സഞ്ചികളും മെഴുകുതിരികളും വിപണിയിലെത്തി. വിപണോദ്ഘാടനം ജയിൽ അങ്കണത്തിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു. ഇന്ത്യയിലെ ജയിലുകളിൽ തടവുകാർക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നത് കേരളത്തിൽ മാത്രമാണ്. അതിൽ തൃശൂർ വിയ്യൂർ ജയിൽ ഏറെ പ്രശംസ അർഹിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിയ്യൂർ സബ് ജയിൽ അന്തേവാസികൾ നിർമിച്ച പേപ്പർ ബാഗ്, തുണി സഞ്ചികൾ, മെഴുകുതിരികൾ എന്നവയാണ് ജയിൽ ഔട്ട്ലെറ്റ് വഴി വിൽക്കുക.