കൊച്ചി: പാലക്കാട് നഗരസഭാ മന്ദിരത്തിനു മുകളിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിജയാഘോഷ വേളയിൽ ‘ജയ് ശ്രിറാം’ ബാനർ ഉയർത്തിയത് വലിയ പാതകമല്ലെന്ന് മുരളീധരൻ പറഞ്ഞു.
“ജാതിമത വ്യത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമൻ. ആ പ്രതീകം ഒരു വിജയാഹ്ലാദത്തിന്റെ ഭാഗമായി ഉയർത്തിയത് മതവിദ്വേഷമുണ്ടാക്കാനാണെന്ന് പറയുന്നവരാണ് അതിന് ശ്രമിക്കുന്നത്. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല,” മുരളീധരൻ പറഞ്ഞു.
നഗരസഭാ കെട്ടിടത്തിനു മുകളിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയതിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ന്യായീകരിച്ചിരുന്നു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുമെന്ന് സുരേന്ദ്രൻ ചോദിച്ചു.
Read Also: ‘കോവിഡിന്റെ പുതിയ ഘട്ടം’; വരുന്ന രണ്ടാഴ്ച നിര്ണായകമെന്ന് ആരോഗ്യമന്ത്രി
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയാണ് പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.
‘ജയ് ശ്രീറാം’ ബാനർ തൂക്കിയ സംഭവത്തിൽ ബിജെപിക്ക് മറുപടിയുമായി ഡിവെെഎഫ്ഐ രംഗത്തെത്തിയിരുന്നു. ബിജെപി പ്രവർത്തകർ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തിയാണ് ഡിവെെഎഫ്ഐ പ്രവർത്തകർ മറുപടി നൽകിയത്. ‘ആർഎസ്എസ് തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിച്ച് ഡിവെെഎഫ്ഐ പ്രവർത്തകർ നഗരസഭ കെട്ടിടത്തിനു മുകളിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് ദേശീയ പതാക ഉയർത്തിയത്. ഡിവെെഎഫ്ഐ പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബിജെപി പ്രവർത്തകരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.