തൃശൂര്‍: മാന്ദാമംഗലം പള്ളി തര്‍ക്കത്തില്‍ തീരുമാനം അറിയിച്ച് കളക്ടര്‍ ടി.വി.അനുപമ. യാക്കോബായ വിഭാഗത്തിന് നാളെ കുര്‍ബാന നടത്താനുള്ള അനുമതിയില്ല. കളക്ടറുടെ തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ വിഭാഗവും അറിയിച്ചു. തീരുമാനത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും സന്തുഷ്ടരാണ്.
ഇന്ന് കളക്ടര്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കൊടുവില്‍ തങ്ങള്‍ പള്ളിയുടെ ഭരണ ചുമതല ഒഴിയുമെന്നും ആരാധന നടത്താന്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം കളക്ടറെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച കുര്‍ബാന നടത്താന്‍ അനുമതി നല്‍കണമെന്ന് അവര്‍ കളക്ടടറോട് ആവശ്യപ്പെട്ടു. ഇത് കളക്ടര്‍ നിഷേധിക്കുകയായിരുന്നു.
മാന്ദാംമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുപമ ഇന്നലേയും ചര്‍ച്ച നടത്തിയിരുന്നു. കളക്ടര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ യാക്കോബായ വിഭാഗം മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയ ശേഷം അംഗീകരിക്കുകയായിരുന്നു.
ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്നായിരുന്നു നേരത്തെ കൈക്കൊണ്ട തീരുമാനം. ഇതാണ് ഇപ്പോള്‍ മാറ്റിയത്.