കോട്ടയം: ഒരു ഇടവേളയ്ക്കു ശേഷം യാക്കോബായ സഭയില്‍ വീണ്ടും ആഭ്യന്തര കലഹം തലപൊക്കുന്നു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരേ ഭദ്രാസനത്തിലെ തന്നെ ഒരു വിഭാഗം വൈദികര്‍ കടുത്ത ആരോപണങ്ങളുന്നയിച്ച് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സഭയ്ക്കുള്ളിൽ പുതിയ വിവാദം കൊടിയുയർത്തിയത്. ഇവർ ഉന്നയിച്ച വിഷയം കഴിഞ്ഞ ദിവസം പുത്തന്‍കുരിശിലുള്ള യാക്കോബായ സഭാ ആസ്ഥാനത്തു നടന്ന സുനഹദോസില്‍ പരിഗണനയിൽ വന്നു. സുനഹദോസിൽ തോമസ് മാര്‍ തീമോത്തിയോസിനെതിരായ പരാതികളിൽ തീരുമാനമെടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സഭാ തലവനായ പാത്രിയാര്‍ക്കീസ് ബാവയാണ്. വിഷയത്തില്‍ പാത്രിയാര്‍ക്കീസ് ബാവ എന്തു നിലപാടായിരിക്കും സ്വീകരിക്കുകയെന്നതിനെ ആശ്രയിച്ചിരിക്കും കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിന്റെ ഭാവി.
കോട്ടയം ഭദ്രാസനത്തിന് കീഴിലുള്ള വൈദികര്‍ക്കു മതിയായ പരിഗണന നല്‍കുന്നില്ല, ഏകാധിപത്യ രീതിയില്‍ ഭരണം നടത്തുന്നു, സ്വന്തമായി ധനം സമ്പാദിച്ച് ബന്ധുക്കളുടെ പേരിലേക്കു മാറ്റാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളുടെ പേരിലാണ് ഒരു വിഭാഗം വൈദികര്‍ സൂനഹദോസില്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരെ പരാതി നല്‍കിയത്. ഇതിനിടെ സൂനഹദോസ് തടയണമെന്നാവശ്യപ്പെട്ട് തോമസ് മാര്‍ തീമോത്തിയോസിന്റെ പേരിലെന്ന വ്യാജേന കോടതിയില്‍ ഹര്‍ജി നല്‍കുകയും വിഷയം ഒരു പ്രമുഖ പത്രത്തില്‍ വാര്‍ത്തയാവുകയും ചെയ്തത് തീമോത്തിയോസിനെ ചൊടിപ്പിച്ചു. സുനഹദോസില്‍ പങ്കെടുക്കാന്‍ തനിക്കു കത്തു കിട്ടിയിട്ടുണ്ടെന്നും സുനഹദോസ് തടയാന്‍ കേസു കൊടുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തോമസ് മാര്‍ തീമോത്തിയോസ് ആവശ്യപ്പെട്ടതോടെ സഭാ നേതൃത്വവും പ്രതിരോധത്തിലായി. തോമസ് മാർ തിമോത്തിയോസിനെ കുടുക്കാന്‍ സഭയിലെ തന്നെ ഒരു വിഭാഗം ആസൂത്രിതമായി ശ്രമിക്കുകയാണെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ ആരോപിക്കുന്നത്. വാർത്ത കൊടുത്ത പത്രം പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തു.
അതേസമയം, ഇപ്പോഴത്തെ സുനഹദോസിന്റെ തീരുമാന പ്രകാരം തോമസ് മാര്‍ തീമോത്തിയോസിനെതിരെ പാത്രിയാര്‍ക്കീസ് ബാവ നടപടിയെടുക്കാന്‍ സാധ്യതയില്ലെന്ന് യാക്കോബായ സഭയിലെ ഒരു മുതിര്‍ന്ന വൈദികന്‍ അഭിപ്രായപ്പെടുന്നു. യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരെ നിയമിക്കാനും മാറ്റാനും ശിക്ഷണ നടപടികള്‍ സ്വീകരിക്കാനുമുള്ള അധികാരം യാക്കോബായ സഭയുടെ ഭരണഘടനപ്രകാരം തന്നെ പാത്രിയാര്‍ക്കീസ് ബാവയില്‍ നിക്ഷിപ്‌തമാണ്. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നു പാത്രിയാര്‍ക്കീസ് ബാവ മുന്‍പു തന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ സുനഹദോസ് കൂടി പരാതി അറിയിച്ചാലും പാത്രിയാര്‍ക്കീസ് ബാവ കാര്യങ്ങളെല്ലാം കൃത്യമായി പഠിക്കുകയും അറിയുകയും ചെയ്യുന്നതുകൊണ്ടു തന്നെ നടപടിയെടുക്കാന്‍ തയാറാവില്ല എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. തോമസ് മാര്‍ തീമോത്തിയോസിനെ മാറ്റി ഭദ്രാസനത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നില്‍. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നടപ്പാകാന്‍ സാധ്യതയില്ലായെന്നതാണ് യാഥാര്‍ഥ്യമെന്ന് തോമസ് മാർ തീമോത്തിയോസുമായി അടുപ്പമുള്ളവർ കുറ്റപ്പെടുത്തുന്നു.
അതേസമയം, തീമോത്തിയോസിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം ഏകാാധിപത്യ രീതിയിലാണ് ഭരണം തുടരുന്നതെന്നുമാണ് മറുവിഭാഗം വാദിക്കുന്നത്. കൂടെയുള്ള വൈദികരെ വിശ്വാസത്തിലെടുക്കാതെ എത്രകാലം മുന്നോട്ടു പോകാനാവുമെന്നും ഇവര്‍ ചോദ്യം ഉന്നയിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പ് യാക്കോബായ സഭയിലെ തന്നെ മൂന്നു മെത്രാപ്പൊലീത്തമാരെ സ്ഥലം മാറ്റാനുള്ള കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമന്റെ കല്‍പ്പന പാത്രിയാര്‍ക്കീസ് ബാവ റദ്ദാക്കിയിരുന്നു. ഈ സംഭവം സഭയ്ക്കുള്ളില്‍ വന്‍ വിവാദങ്ങള്‍ക്കു കാരണമാവുകയും ചെയ്തിരുന്നു.
കാലങ്ങളായി തമ്മില്‍ പോരടിക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള താല്‍പര്യവുമായാണ് കഴിഞ്ഞ തവണ പാര്‍ത്രിയാര്‍ക്കീസ് ബാവ കേരളം സന്ദര്‍ശിച്ചതെങ്കിലും ഇരുവിഭാഗത്തിന്റെയും നിസഹകരണത്തെ തുടര്‍ന്ന് പാത്രിയാര്‍ക്കീസ് ബാവയുടെ ദൗത്യം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു.
ഈ സഭാ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നതിനിടെ സ്വന്തം സഭയില്‍ തന്നെ ആഭ്യന്തര കലഹവും തമ്മിലടിയും വര്‍ധിച്ചുവരുന്നതില്‍ പാത്രിയാര്‍ക്കീസ് ബാവ ഏറെ ദുഃഖിതനാണെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. യാക്കോബായ സഭയുടെ പേര് പൊതുജന മധ്യത്തില്‍ വിലകുറച്ചുകാട്ടാന്‍ മാത്രമേ പുതിയ നീക്കങ്ങള്‍ ഉപകരിക്കുകയുള്ളുവെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ സഭയ്ക്കുള്ളില്‍ ഇപ്പോള്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ പാത്രിയാര്‍ക്കീസ് ബാവ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത് എന്നാണ് സഭയ്ക്കുള്ളിലെ ഇരു വിഭാഗങ്ങളും വിശ്വസിക്കുന്നത്.
യാക്കോബായ സഭയിലും കോട്ടയം ഭദ്രാസനത്തിലും മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണൈന്നും ഇതിനെതിരേ സഭയിലുള്ളവര്‍ കരുതലുള്ളവരായിരിക്കണമെന്നും സുനഹദോസുമായി ബന്ധപ്പെട്ട് യാക്കോബായ സഭ ഫെബ്രുവരി മൂന്നിന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവയ്‌ക്കെതിരേയും സുനഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയ്‌ക്കെതിരേയും സുനഹദോസിനെതിരേയും തോമസ് മാര്‍ തീമോത്തിയോസ് കേസുകൊടുത്തിട്ടില്ലെന്നും ഇതു സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ്. സഭയിൽ പരാതികൾ ബോധിപ്പിക്കാനും പരിഹരിക്കാനും മതിയായ സംവിധാനങ്ങൾ നിലവിലിരിക്കെ, ആ പരിഹാരമാർങ്ങൾ തേടാതെ ചിലർ സഭയ്ക്കും സുനഹദോസിനെതിരെയും കേസ് കൊടുത്തതിൽ ദുരൂഹത ഉളളതായും സുനഹദോസ് വിലയിരുത്തിയതായി സഭ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.