കൊച്ചി: ആഭ്യന്തരവും ബാഹ്യവുമായ പ്രതിസന്ധികൾ നിലനിൽക്കുന്ന യാക്കോബായ സഭയിലെ സുപ്രധാന സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. നേതൃത്വത്തിലേയ്ക്ക് പൂർണ്ണമായും മാറ്റമുണ്ടാകുമെന്നാണ് സഭയ്ക്കുളളിൽ നിന്നുളള സൂചനകൾ. മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റി, വൈദിക സെക്രട്ടറി, അല്‍മായ സെക്രട്ടറി, അല്‍മായ ട്രസ്റ്റി എന്നീ പദവികളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

വരുന്ന തിങ്കളാഴ്ച രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പു നടക്കുകയെന്നാണ് സൂചന. യാക്കോബായ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് രഹസ്യ ബാലറ്റിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന പാനലും കോട്ടയം ബിഷപ്പായ തോമസ് മാര്‍ തീമോത്തിയോസും നേതൃത്വം നല്‍കുന്ന പാനലുകള്‍ തമ്മിലാണ് മത്സരം നടക്കുന്നതെന്നതാണ് ഈ തിരഞ്ഞെടുപ്പ് കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

യാക്കോബായ സഭാ തലവനായ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമനെതിരേ സഭയിലെ തന്നെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായ തോമസ് മാര്‍ തീമോത്തിയോസ് മത്സരിക്കുന്നുവെന്നത് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേയ്ക്കാണ് കോട്ടയം ബിഷപ്പ് കാതോലിക്കയ്‌ക്കെതിരേ മത്സര രംഗത്തുള്ളത്.

കേരളത്തിലെമ്പാടും കാതോലിക്കാ ബാവയുടെ കീഴിലുള്ള 700 പള്ളികളില്‍ നിന്നായി ജനസംഖ്യാ പ്രാതിനിധ്യ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന നാലായിരത്തിലധികം പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. നിലവിലെ ഭരണസമിതിയുടെ കാലാവധി 2017 ജൂലൈ 16 ന് പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ തിരഞ്ഞെടുപ്പു നടത്താന്‍ സഭാ തലവനായ മാര്‍ അപ്രേം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ കേരളത്തിലെ സഭാ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ത്രിയാര്‍ക്കീസ് ബാവ അടുത്തിടെയും കല്‍പ്പന പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് കാതോലിക്കാ ബാവയും കോട്ടയം ബിഷപ്പ് തോമസ് മാര്‍ തീമോത്തിയോസും മത്സരിക്കുന്നു. സ്ലീബാ പോള്‍ കോര്‍ എപ്പിസ്‌കോപ്പ വട്ടവേലില്‍, പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ വേലംപറമ്പില്‍, ഇ സി വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ ഇടയത്തേരില്‍ എന്നിവരാണ് വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അല്‍മായ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രൊഫസര്‍ രഞ്ജന്‍ ഏബ്രഹാം, പീറ്റര്‍ കെ ഏലിയാസ് എന്നിവര്‍ മത്സരിക്കുമ്പോള്‍ അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ജേക്കബ് പരത്തുവയലിലും കമാന്‍ഡര്‍ ഷാജി ചുണ്ടയിലും മത്സരിക്കുന്നു. കാതോലിക്കാ ബാവയെ അനുകൂലിക്കുന്ന പാനലും കോട്ടയം ബിഷപ്പായ തോമസ് മാര്‍ തീമോത്തിയോസും നേതൃത്വം നല്‍കുന്ന പാനലുകള്‍ തമ്മിലാണ് മത്സരം നടക്കുന്നതെന്ന്.

അതേസമയം നിലവിലെ നേതൃത്വം ഏതുവിധേനയും ഈ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് സംശയിക്കുന്നതായി യാക്കോബായ സഭാ മുന്‍ മുഖ്യ വക്താവ് ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. പാര്‍ത്രിയാര്‍ക്കീസ് ബാവ 2017 ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നിലവിലെ നേതൃത്വം ഇത് നിരാകരിക്കുകയും നിലവിലുള്ള ഭരണസമിതിയുമായി മുന്നോട്ടു പോകാനുമാണ് ശ്രമിച്ചത്. ഒടുവില്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ അന്ത്യശാസനം നല്‍കിയതോടെയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. കേസ് നടത്തിപ്പിലും മറ്റുമുണ്ടായ വീഴ്ചകള്‍ മൂലം പള്ളികള്‍ നഷ്ടപ്പെടുന്നതിനെതിരേ നിലവിലുള്ള നേതൃത്വത്തോട് വിശ്വാസികള്‍ക്കിടയില്‍ ശക്തമായ രോഷമുണ്ട്. ഇത് വോട്ടിങ്ങിൽ പ്രതിഫലിക്കാനാണ് സാധ്യത, ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു.

സ്വന്തം മൃതദേഹം പോലും സംസ്‌കരിക്കാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലായ യാക്കോബായ വിശ്വാസി സമൂഹത്തിന്റെ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാക്കാന്‍ നിലവിലെ നേതൃത്വം മാറിയാൽ മാത്രമേ കഴിയുകയുള്ളുവെന്ന് യാക്കോബായ അല്‍മായ ഫോറം വര്‍ക്കിങ് പ്രസിഡന്റ് പോള്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. നിരന്തരമായി കേസുകള്‍ തോല്‍ക്കുകയും പള്ളികള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സഭാ നേതൃത്വം നിസ്സംഗത തുടരുകയാണെന്നും പോള്‍ വര്‍ഗീസ് പറയുന്നു.

അതേസമയം ഇത്രയും കാലം സഭയെ സംരക്ഷിക്കാനായി യത്നിച്ച താന്‍ വിശ്വാസികളുടെ ആവശ്യപ്രകാരമാണ് വീണ്ടും മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതെന്ന് കാതോലിക്കാ ബാവ വിശ്വാസികള്‍ക്കായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.