കൊച്ചി: യാക്കോബായ സഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതു ചര്‍ച്ച ചെയ്യാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം അലസിപ്പിരിഞ്ഞു. കഴിഞ്ഞ ദിവസമാണ് യാക്കോബായ സഭയുടെ 2007-മുതല്‍ 2018 വരെയുള്ള കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് പുറത്തുവന്നത്. ബില്ലുകളും വൗച്ചറുകളുമില്ലാതെയാണ് ലക്ഷക്കണക്കിനു രൂപ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടിയന്തര വര്‍ക്കിങ് കമ്മിറ്റി ബുധനാഴ്ച രാവിലെ ചേര്‍ന്നത്. എന്നാല്‍ സഭയുടെ സ്വകാര്യ ഡോക്യുമെന്റായ ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി അന്വേഷണം വേണമെന്ന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ നിലപാടെടുത്തു. എന്നാല്‍ വാര്‍ത്ത ചോര്‍ന്നതല്ല മറിച്ച് കണക്കിലെ ക്രമക്കേടാണ് അന്വേഷിക്കേണ്ടതെന്ന വാദവുമായി വൈദിക ട്രസ്റ്റി ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു.
ഇതിനിടെ മലങ്കര വര്‍ഗീസ് വധക്കേസില്‍ ആരോപണവിധേയനായ കോര്‍ എപ്പിസ്‌കോപ്പയെ സഭയുടെ വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കാതോലിക്കാ ബാവ പ്രഖ്യാപിച്ചെങ്കിലും ഇതനുവദിക്കാനാവില്ലെന്ന് സഭാ സൂനഹദോസ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസിനെ അനുകൂലിക്കുന്നവര്‍ നിലപാടെടുത്തതോടെ ഈ തീരുമാനവും നടപ്പായില്ല. ഇതിനിടെ യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയിലേക്ക് യാക്കോബായ സഭയുടെ പ്രതിനിധിയായി നിയോഗിക്കുന്ന മെത്രാപ്പൊലീത്തമാരില്‍ നിന്ന് തോമസ് മോര്‍ തീമോത്തിയോസിനെ ഒഴിവാക്കി.
തൃശൂര്‍ മെത്രാപ്പൊലീത്ത ഏലിയാസ് മോര്‍ അത്തനാസിയോസും പെരുമ്പാവൂര്‍ മെത്രാപ്പൊലീത്ത മാത്യൂസ് മാര്‍ അപ്രേമും ഇവര്‍ തിരഞ്ഞെടുക്കുന്ന ഒരു മെത്രാപ്പൊലീത്തയും കൂടിയാവും സമിതിലെത്തുക. അതേസമയം, സഭയുടെ സൂഹദോസ് സെക്രട്ടറിയായ തോമസ് മോര്‍ തീമോത്തിയോസിനെ ഒഴിവാക്കിയതിനെതിരെ വര്‍ക്കിങ് കമ്മിറ്റിയില്‍ അഭിപ്രായഭിന്നത രൂക്ഷമാണെന്നും സഭാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കണക്കുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് പകരം വാര്‍ത്ത ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കണമെന്നു പറയുന്ന കാതോലിക്കാ ബാവ ഉള്‍പ്പടെയുള്ളവരുടെ വാദം കണ്ണടച്ചിരുട്ടാക്കാനുള്ള ശ്രമമാണെന്ന് യാക്കോബായ സഭ മുന്‍ മുഖ്യവക്താവ് ഫാ.വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. മലങ്കര മെത്രാപ്പൊലീത്ത ഉള്‍പ്പടെയുള്ളവര്‍ സഭയില്‍ സമാധാനവും സുസ്ഥിരതയും ഉണ്ടാകാന്‍ പാടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും ഫാ.കല്ലാപ്പാറ ആരോപിച്ചു. സഭാ തര്‍ക്ക വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്താനാവുന്ന സൂനഹദോസ് സെക്രട്ടറി തോമസ് മോര്‍ തീമോത്തിയോസിനെ ഒഴിവാക്കിയത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിനുള്ള നേതൃത്വത്തിന്റെ പ്രതികാരമാണെന്ന് യാക്കോബായ അല്‍മായ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് പോള്‍ വര്‍ഗീസ് കുറ്റപ്പെടുത്തി.