പിറവം: എണ്‍പതുകാരിയുടെ മൃതദേഹം സംസ്‌കരിച്ചത് മരിച്ച് രണ്ട് ദിവസത്തിനു ശേഷം. തൊഴുപ്പാട് മത്തായി ഭാര്യ ചിന്നമ്മയാണ് സഭാ തര്‍ക്കത്തിന് ഇരയായത്. മകള്‍ സഭ മാറിയ ശേഷമാണ് ചിന്നമ്മയുടെ മൃതദേഹം പള്ളിയില്‍ സംസ്‌കരിച്ചത്.
യാക്കോബായ വിശ്വാസിയാണ് മരിച്ച ചിന്നമ്മ. മൃതദേഹം സംസ്‌കരിക്കേണ്ടിയിരുന്നത് ഓര്‍ത്തഡോക്‌സ് പള്ളിയിലും. സഭ മാറിയാല്‍ മാത്രമേ ഓര്‍ത്തഡോക്‌സ് പളളി സെമിത്തേരിയില്‍ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കൂ എന്ന് പിറവം നെച്ചൂര്‍ പള്ളി ഭാരവാഹികള്‍ നിലപാടെടുത്തു. ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസിയാകാമെന്ന് ഏക മകൾ സമ്മതിച്ചതോടെയാണ് കുടംബക്കല്ലറയില്‍ മൃതദേഹം അടക്കാന്‍ പള്ളി ഭാരവാഹികൾ തയ്യാറായത്.
Read Also: സഭാ തര്‍ക്കം; 84 കാരിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം സംസ്‌കരിച്ചു
30 കൊല്ലം മുമ്പ് ഭര്‍ത്താവിനെ അടക്കിയ കല്ലറയില്‍ തന്നെയും സംസ്കരിക്കണം എന്നായിരുന്നു ചിന്നമ്മയുടെ അന്ത്യാഭിലാഷം. ഇതിനു വേണ്ടിയാണ് ഓർത്തഡോക്സ് പള്ളിയെ സമീപിച്ചത്. ഓർത്തഡോക്സ് വിഭാഗമാണ് പള്ളി ഇപ്പോൾ കെെവശം വച്ചിരിക്കുന്നത്. ചിന്നമ്മയുടെ ആഗ്രഹത്തിന് വിലങ്ങുതടിയായത് സഭാ തർക്കമാണ്. ചിന്നമ്മയുടെ കുടുംബം യാക്കോബായ വിഭാഗമാണ്. ചിന്നമ്മയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണമെങ്കിൽ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ ചേരുന്നതായി എഴുതിയ നല്‍കണം എന്ന് പള്ളി ഭാരവാഹികള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. എന്നാൽ, ചിന്നമ്മയുടെ കുടുംബം ഇതിന് തയ്യാറായില്ല.
ഇതിനു പിന്നാലെ അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ മകൾ തീരുമാനിക്കുകയായിരുന്നു. സഭ മാറാമെന്നും ഓർത്തഡോക്സ് സഭയിൽ ചേരാമെന്നും മകൾ മിനി പള്ളി വികാരിയെ അറിയിച്ചു. അതിനു ശേഷം മാത്രമാണ് ചിന്നമ്മയുടെ മൃതദേഹം ആഗ്രഹം പോലെ ഭർത്താവിനെ സംസ്കരിച്ച കല്ലറയിൽ തന്നെ അടക്കിയത്.