കൊച്ചി: ആഭ്യന്തരവും ബാഹ്യവുമായ പ്രശ്‌നങ്ങളിൽ പെട്ടുഴലുന്ന യാക്കോബായ സഭയിലെ ഒരു വിഭാഗം വിശ്വാസികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെ യാക്കോബായാ സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ സ്ഥാനങ്ങള്‍ രാജിവച്ചു. ബുധനാഴ്‌ച വൈകിട്ട് ചേര്‍ന്ന സൂനഹദോസിലാണ് രാജി പ്രഖ്യാപനമുണ്ടായത്.
കഴിഞ്ഞ മാസം 22-ന് കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ അപ്രേം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ കൂടിയ സുന്നഹദോസില്‍ കാലാവധി കഴിഞ്ഞ സഭാ സമിതികളുടെ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ഇതിനായി സുന്നഹദോസ് വിളിച്ചുകൂട്ടണമെന്നും നിര്‍ദേശിച്ചിരുന്നു.

നിലവിലുള്ള വര്‍ക്കിങ് കമ്മിറ്റിയുടെ കാലാവധി 2017 ജൂലൈ 16 ന് അവസാനിച്ചതാണെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകാതെ നിലവിലുള്ള ഭരണ സമിതി തുടരുകയാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കേസ് തോറ്റതിന് പിന്നിലും പള്ളികള്‍ വിട്ടുകൊടുക്കേണ്ടി വന്നതും നിലവിലുള്ള ഭരണ സമിതിയുടെ പിടിപ്പുകേടു മൂലമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്. ഇതേത്തുടര്‍ന്നാണ് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് താന്‍ സുന്നഹദോസ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത്. തുടന്ന് സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനും രാജി പ്രഖ്യാപിച്ചു. അതേസമയം, യാക്കോബായ സഭയുമായി ബന്ധപ്പെട്ട കേസുകളുമായുള്ള കാര്യങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ തുടര്‍ന്ന് നോക്കാന്‍ കഴിയാത്തതിനാല്‍ ലീഗല്‍ സെല്‍ ഉള്‍പ്പടെയുള്ള എല്ലാ ഔദ്യോഗിക സമിതികളില്‍ നിന്നും രാജിവയ്‌ക്കുകയാണെന്ന് തമ്പു ജോര്‍ജ് തുകലന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം, തമ്പു ജോര്‍ജ് തുകലനെ സഭാ ട്രസ്റ്റി സ്ഥാനത്തു നിന്നു പുറത്താക്കിയതിലൂടെ യാക്കോബായ സഭയെ ശുദ്ധീകരിക്കാനുള്ള തങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം ഫലം കണ്ടിരിക്കുകയാണെന്ന് യാക്കോബായ അല്‍മായ ഫോറം വര്‍ക്കിങ് പ്രസിഡന്റ് പോള്‍ വര്‍ഗീസ് പറഞ്ഞു. യാക്കോബായ സഭ കേസുകള്‍ തോല്‍ക്കാനും പള്ളികള്‍ വിട്ടുകൊടുക്കാനും കാരണം തമ്പു ജോര്‍ജ് തുകലന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നും പോള്‍ വര്‍ഗീസ് ആരോപിച്ചു.
എന്നാല്‍ നിലവിലുള്ള വര്‍ക്കിങ് കമ്മിറ്റി രാജിവച്ചതുകൊണ്ടു മാത്രം യാക്കോബായ സഭയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവില്ലെന്നും പ്രശ്‌നങ്ങള്‍ വീണ്ടും വര്‍ധിക്കാനേ ഇത് ഉപകരിക്കുകയുള്ളുവെന്നും യാക്കോബായ സഭ മുന്‍ മുഖ്യവക്താവും ക്വസ്റ്റ് ഫോര്‍ പീസ് സഭാ സമാധാന സംഘടനയുടെ ജനറല്‍ കണ്‍വീനറുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു. സുന്നഹദോസ് ഭരണം ഏറ്റെടുക്കണമെന്നും ഇതിനായി സഭയുടെ കണക്കുകളും രേഖകളും ഡയറികളും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും സുന്നഹദോസിനു കൈമാറണമെന്നും ഇതിനു ശേഷം കൃത്യമായ രീതിയില്‍ തിരഞ്ഞെടുപ്പു നടത്തണമെന്നുമാണ് പാര്‍ത്രിയാര്‍ക്കീസ് ബാവ നിര്‍ദേശിച്ചത്. എന്നാല്‍ ഇതില്‍ നിന്നു തന്ത്രപൂര്‍വം ഒഴിയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ തമ്പു ജോര്‍ജ് തുകലന്‍ ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചിട്ടുള്ളത്. സഭാ ഭരണത്തിലുണ്ടായിട്ടുള്ള വ്യാപക ക്രമക്കേടുകളില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമായേ ഇപ്പോഴത്തെ രാജി നീക്കത്തെ കാണാനാവൂ എന്നും ഫാദർ വർഗീസ് കല്ലാപ്പാറ പറഞ്ഞു.
ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം പരിഹരിക്കാനും യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിട്ട് പാര്‍ത്രിയാര്‍ക്കീസ് ബാവ കഴിഞ്ഞ മാസം കേരളത്തിലെത്തിയിരുന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചകളോടു മുഖം തിരിക്കുകയായിരുന്നു.