കൊച്ചി: ആഭ്യന്തര പ്രശ്നങ്ങള്‍ പ്രതിസന്ധിയിലാക്കിയ യാക്കോബായ സഭയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളെന്നു സൂചന. മുന്‍വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഭയുടെ അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം ബുധനാഴ്ച പുത്തന്‍കുരിശില്‍ ചേരും.
2007-മുതല്‍ 2018 വരെയുള്ള സഭയുടെ വരവു ചെലവു കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വ്യാപക ക്രമക്കേടുകള്‍ മുന്‍കാലങ്ങളില്‍ നടന്നതെന്നു സൂചന നല്കുന്ന വിവരങ്ങളുള്ളത്. മതിയായ ബില്ലുകളും വൗച്ചറുകളുമില്ലാതെയാണ് സാമ്പത്തിക ഇടപാടുകള്‍ ഭൂരിഭാഗവും നടത്തിയിട്ടുള്ളതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു. വൗച്ചറുകള്‍ യഥാസമയം പാസാക്കിയിട്ടില്ല, വന്‍ തുകകള്‍ നല്‍കിയവരുടെ പേരു വിവരങ്ങള്‍ പോലും രേഖപ്പെടുത്താതെയാണ് പണം കൈമാറ്റം ചെയ്തിട്ടുള്ളത്, പണം നല്കിയവര് ആരാണെന്നറിയാനുള്ള മേല്‍വിലാസം പോലുമില്ലാതെ തുക കൈമാറ്റം ചെയ്യുക, ഒപ്പിടാതെ പോലും അഡ്വാന്‍സ് വൗച്ചറുകളിന്മേല് വന്‍തുകകള്‍ അനുവദിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ കണക്കുകളിലുടനീളം കാണാമെന്ന് സഭാ മുന്‍ മാനേജിങ് ട്രസ്റ്റിമാരായ ഫാദര്‍ സാബു പാറയ്ക്കല്‍, ഷെവലിയര്‍ ഉമ്മച്ചന് വേങ്കടത്ത്, ഷെവലിയര്‍ എം.ജെ.മാര്‍ക്കോസ് എന്നിവര്‍ പുറത്തിറക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം സഭാ കേസുകളുമായി ബന്ധപ്പെട്ട് വിവിധ അഭിഭാഷകര്‍ക്കു ഫീസ് നല്‍കിയതിന്റെ പേരില്‍ വന്‍തുകകള്‍ കണക്കില്‍ കാണിക്കുന്നുണ്ടെങ്കിലും ഇതിനൊന്നിനും മതിയായ വൗച്ചറുകളോ രേഖകളോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കഴിഞ്ഞ മാസമാണ്, 16 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിനു ശേഷം, പുതിയ ഭാരവാഹികള്‍ക്കു റെക്കോര്‍ഡുകളും സഭയുടെ കണക്കുകളും പഴയ നേതൃത്വം കൈമാറിയത്. ഇതുപ്രകാരം 3,256 രൂപ കൈവശവും 19,000 രൂപ ബാങ്ക് നിക്ഷേപവുമായിരുന്നു സഭയുടെ ആകെയുള്ള സമ്പാദ്യം. സഭയുടെ ദുര്‍ബലമായ സാമ്പത്തികാവസ്ഥയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികളും പുതിയ നേതൃത്വവും രംഗത്തെത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഓഡിറ്റ് റിപ്പോര്‍ട്ടും പുറത്തായത്.
സഭ നിയോഗിച്ച ഓഡിറ്റര്‍മാര്‍ തന്നെ കണക്കില്‍ ന്യൂനതകള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ വ്യക്തമാക്കി.
“ഇടപാടുകളിലും കണക്കുകളിലും സുതാര്യതയില്ലായിരുവെന്ന് തന്നെയാണ് ഓഡിറ്റ് റിപ്പോര്‍ട്ടു വ്യക്തമാക്കുന്നത്,” അദ്ദേഹം പറയുന്നു. അതേസമയം, സഭാ തലവനായ ബസേലിയോസ് തോമസ് പ്രഥമനും മുന്‍ സഭാ ട്രസ്റ്റിയും ഉള്‍പ്പെട്ട മുന്‍ ഭരണ സമിതിയാണ് ഇപ്പോഴത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയേണ്ടതെന്ന് യാക്കോബായ സഭ മുന്‍ മുഖ്യവക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ വ്യക്തമാക്കി. “മുന്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിയെന്നു ചൂണ്ടിക്കാട്ടുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍,” ഫാ.കല്ലാപ്പാറ പറയുന്നു.