തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ വടക്കുംചേരി നടത്തിയ പ്രചരണത്തിലാണ് നടപടി. കൊച്ചി ചമ്പക്കരയില്‍ നിന്നുളള ഓഫീസില്‍ നിന്നാണ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്.

എലിപ്പനി വിഷയത്തിൽ​ യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കുംചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പരാതിയിൽ​ പറഞ്ഞിരുന്നു. ‘പ്രളയക്കെടുതിക്ക് ശേഷം ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്‌നമാണ് എലിപ്പനിയുടെ വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനകം തന്നെ എലിപ്പനി ബാധിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം എലിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം’, മന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം പൊലീസ് വടക്കുംചേരിക്കെതിരെ കേസെടുത്തിരുന്നു. ഇത് ക്രൈംബ്രാംഞ്ചിന് കൈമാറുകയായിരുന്നു.

ലെപ്റ്റോസ് സ്പൈറോസിസ് (എലിപനി) പടർന്ന് പിടിക്കുന്ന വേളയിൽ പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ കഴിക്കുന്നതിന് എതിരെ പ്രസ്താവനകൾ നടത്തുന്ന വടക്കുംചേരിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. സ്വയം പ്രഖ്യാപിത ഡോക്ടറും വാക്സിന്‍ വിരുദ്ധ പ്രചാരകനുമായ ജേക്കബ് വടക്കുംചേരി. എലിപ്പനി ഉള്‍പ്പെടെയുളളവ പകരുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ നിർദേശത്തെയാണ് വടക്കുംചേരി ചോദ്യം ചെയ്യുന്നത്. ഡോക്സിസൈക്കിളിന്‍ മരുന്നുകള്‍ കഴിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെയാണ് ഇയാള്‍ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ചോദ്യം ചെയ്തത്.

ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നും ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ഡോക്സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്നുകഴിക്കുന്നവരില്‍ പോലും പലതരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആരോഗ്യവകുപ്പും സര്‍ക്കാരും എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളെ സംബന്ധിച്ച് അതീവ ജാഗ്രതാ നിർദേശം നല്‍കുന്നതിനിടെയാണ് വടക്കുംചേരിയുടെ തെറ്റിധാരണ പരത്തുന്ന വീഡിയോ പ്രചരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ