തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീണ്ട അവധിയിൽ പ്രവേശിച്ച ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചു.  പൊലീസിൽ നിയമനം നൽകാതെ ജേക്കബ് തോമസിനെ നിയമിക്കുകയെന്ന നിലപാട് സർക്കാർ സ്വീകരിച്ചതിനെ തുടർന്നാണ് ഐഎംജിയിൽ നിയമിക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും പൊലീസിന് പുറത്താണ് ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥന് മാറി മാറി വന്ന സർക്കാരുകൾ നിയമനം നൽകിയിരുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസിലും ഫയർ ഫോഴ്സിലും നിയമനം നൽകിയെങ്കിലും ജേക്കബ് തോമസിന്റെ നടപടികൾ സർക്കാരിന്റെ താൽപര്യ കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയതോടെ സ്ഥലം മാറ്റത്തിനോ മറ്റ് അധികാരകേന്ദ്രങ്ങൾക്കു കീഴിലേക്കോ മാറ്റപ്പെടുകയോ ആയിരുന്നു അദ്ദേഹം. പിണറായി വിജയൻ അധികാരമേറ്റപ്പോൾ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയത്. എന്നാൽ അതിലുണ്ടായ കല്ലുകടികളെ തുടർന്ന് രണ്ട് മാസത്തിലേറെയായി അവധിയിലായിരുന്നു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് വിജിലൻസിലിരിക്കെ അഴിമതിയാരോപണത്തെ കുറിച്ചുളള അന്വേഷണങ്ങൾ ഉന്നതങ്ങളിലേയ്ക്കു നീണ്ടപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിച്ചത്. ഏറെക്കാലത്തിന് ശേഷമായിരുന്നു പ്രധാനപ്പെട്ട പൊലീസ് തസ്തികയിൽ ജേക്കബ് തോമസ് എത്തിയത്. എന്നാൽ അധികകാലം അവിടെ തുടരാനായില്ല. അതിനു ശേഷം എൽ ഡി എഫ് അധികാരത്തിലേറിയപ്പോൾ അഴിമതി വിരുദ്ധ പ്രതിച്ഛായയുടെ മുഖമായത് ജേക്കബ് തോമസിന്റെ വിജിലൻസ് ഡയറക്ടർ സ്ഥാനമായിരുന്നു.

എന്നാൽ അധികകാലം ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. എടുത്ത കേസുകളും നടപടികളും വിവാദങ്ങളുടെ കുടമാണ് തുറന്നുവിട്ടത്. കെ എം എബ്രഹാം എന്ന അഡീഷണൽ​ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും റെയ്‌ഡും ജേക്കബ് തോമസിനെതിരായ പടയൊരുക്കം മറനീക്കി പുറത്തുവരുന്നതിന് കാരണമായി. പിന്നീട് ആരോപണങ്ങളുടെ പെരുമഴയും പഴയ റിപ്പോർട്ടുകൾ പുതിയ രൂപത്തിൽ​പുറത്തുവന്നതും കണ്ടു. ഐ​​എ എസ് ഉദ്യോഗസ്ഥ ലോബിയിലെ ഒരു വിഭാഗം ജേക്കബ് തോമസിനെതിരെ രംഗത്തു വന്നു. ഇത് സർക്കാരിനെതിരായും തിരിഞ്ഞു. ഇതിനിടെ ഉമ്മൻ ചാണ്ടിയും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണുമൊക്കെ ആരോപണവിധേയരായ പാറ്റൂർ ഭൂമി ഇടപാട് കേസ് എന്നിവയൊക്കെ ജേക്കബ് തോമസിന്റെ അന്വേഷണ പരിധിയിൽ വന്നതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.

ഇതിനൊപ്പം ഇ പി ജയരാജൻ, ജെ. മേഴ്സിക്കുട്ടിയമ്മ  എന്നിവരുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമിതിയാരോപണങ്ങളും മുൻ സർക്കാരിന്റെ കാലത്തെ ബാർ കോഴക്കേസ്, ടോമിൻ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് എന്നിവയെല്ലാം വിവാദങ്ങളുടെ പുതിയ വഴികൾ തുറന്നു. വിവാദങ്ങളിലൂടെ നടക്കുന്നതിനിടയിൽ വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും പരാമർശങ്ങളുണ്ടായി. ഇതിന്റെ മറവിലാണ് ജേക്കബ്ബ് തോമസിനെ അവധിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത് വിവാദമായപ്പോൾ കോടതി തങ്ങളുടെ നിരീക്ഷണം അതിന് കാരണമാകേണ്ടതല്ലെന്ന് വ്യക്തമാക്കി. എന്നാൽ അദ്ദേഹത്തെ നിയമിക്കാനോ അവധി റദ്ദാക്കാനോ സർക്കാർ തയ്യറായില്ല.

ഇതേ സമയം, സെൻകുമാർ നൽകിയ കേസിൽ സർക്കാർ സുപ്രീം കോടതിയിൽ തോൽക്കുകയും തിരികെ ഡി ജി പിയായി എത്തിയ സെൻകുമാറിനെ നിയമിക്കുമ്പോൾ നിലവിലെ ലോ ആൻഡ് ഓഡർ ഡി ജി പിയായിരുന്ന ലോകനാഥ് ബെഹ്‌റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തു. രണ്ടര മാസത്തോളം സർക്കാരിനെ ബുദ്ധിമുട്ടിക്കാതെ അവധിയിൽ​ പ്രവേശിച്ചിരുന്ന ജേക്കബ് തോമസ് തിരികെയെത്തുമ്പോൾ മികച്ച തസ്തിക നൽകുമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതെല്ലാം അസ്ഥാനത്തായി.

ഡി ജ ിപിയായിരുന്ന സെൻകുമാറിനെ ഐ എം ജി ഡയറക്ടറായി മാറ്റി നിയമിക്കുകയാണ് സർക്കാർ ആദ്യം ചെയ്യുന്നത്. എന്നാൽ അദ്ദേഹം കോടതിയിൽ പോയി ഡി ജി പിസ്ഥാനം തിരികെ നേടി വന്നപ്പോൾ ഈ തസ്തിക ഒഴിഞ്ഞു . ആ സ്ഥലത്തേയ്ക്കാണ് ജേക്കബ്തോമസിനെ നിയമിക്കാൻ ആലോചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ