തിരുവനന്തപുരം: പാറ്റൂർ കേസിൽ തനിക്കെതിരെയുളള കോടതി വിമർശനങ്ങളെ പരിഹസിച്ച് മുൻ ഡിജിപി ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘പാഠം-5 സത്യത്തിന്റെ കണക്ക്’ എന്ന തലക്കെട്ടോടുകൂടിയുളളതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പു പോലെയാണെന്നും ജേക്കബ് തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഊഹാപോഹങ്ങളാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്നായിരുന്നു ഹൈക്കോടതി വിമർശനം. പാറ്റൂർ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജി പരിഗണിക്കവേയാണ് ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നത്.

ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ട് വായിച്ചാൽ ജേക്കബ് തോമസ് ഒഴികെ മറ്റെല്ലാവരും കുറ്റക്കാരാണെന്ന് തോന്നുമെന്നും എന്തടിസ്ഥാനത്തിലാണ് ഈ കേസ് അന്വേഷിച്ചതെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. ഊഹപോഹങ്ങളെയാണ് വസ്തുതകളായി ജേക്കബ് തോമസ് റിപ്പോർട്ടിൽ അവതരിപ്പിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം പാറ്റൂരിലെ സർക്കാർ ഭൂമിയിൽ സ്വകാര്യ ഫ്ലാറ്റ് നിർമ്മാണം നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. കേരള ജല അതോറിറ്റിയുടെ ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്. പാറ്റൂർ കേസിൽ ഭൂ പതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു ജേക്കബ് തോമസിന്രെ റിപ്പോർട്ട്. എന്നാൽ കോടതിയുടെ പരിശോധനയിൽ രേഖകളിൽ കൃത്രിമത്വം കണ്ടെത്താനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.