തിരുവനന്തപുരം: തന്നെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി നിയമിച്ച പിണറായി സർക്കാരിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്. വിജിലൻസ് മേധാവി എന്ന സ്ഥാനവും സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡി സ്ഥാനവും തത്തുല്യമാക്കിയ സർക്കാരിന് നന്ദിയുണ്ട്. 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കിയേ താൻ ഈ സ്ഥാനത്തു നിന്നും പോകൂവെന്നും അദ്ദേഹം പറഞ്ഞു.
അരിവാളും ചുറ്റികയും കോടാലിയുമെല്ലാമുണ്ടാക്കുമെന്നും പരിഹാസ രൂപേണ ജേക്കബ് തോമസ് പറഞ്ഞു. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റശേഷമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.
Read More: ‘ഇരുമ്പുണ്ടാക്കാന്‍ പഠിച്ചിട്ടില്ല’; വ്യവസായ വകുപ്പില്‍ നിയമിച്ചത് പക പോക്കലെന്ന് ജേക്കബ് തോമസ്
പുതിയ നിയമനം ലഭിച്ച ഉടൻ, താൻ ഇരുമ്പ് ഉണ്ടാക്കാൻ പഠിച്ചിട്ടില്ലെന്നായിരുന്നു ജേക്കബ് തോമസ് പ്രതികരിച്ചത്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണ് എന്നത് സര്‍ക്കാരിന്റെ തീരുമാനമാണല്ലോ, ഡിജിപി റാങ്കിലുള്ള ഒരാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമാണ് നടപടി. പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.
അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. വിആര്‍എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം.