തിരുവനന്തപുരം: അവധിക്കുശേഷം തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ജേക്കബ് തോമസ്. പുതിയ ചുമതലയെക്കുറിച്ച് സർക്കാരിൽനിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അഴിമതിക്കെതിരായി എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഈ മാസം 17 വരെയാണ് ജേക്കബ് തോമസിന്റെ അവധി.

വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. പിന്നീട് മൂന്നു തവണ അവധി നീട്ടി. ഈ മാസം മൂന്നിനാണ് അവസാനമായി അവധി നീട്ടിയത്. സംസ്ഥാന പൊലീസ് മേധാവിയായി ടി.പി.സെൻകുമാർ ചുമതലയേൽക്കുന്നതിനു മുൻപായാണ് ജേക്കബ് തോമസിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശിച്ചത്.

ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചുവരികയും ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ജേക്കബ് തോമസിന്റെ സ്ഥാനം സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് അദ്ദേഹം അവധി നീട്ടിയതെന്നായിരുന്നു വിവരം. അതേസമയം, തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയിൽ നിയമിക്കുമെന്നു സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.