തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി. ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കാണ് പകരം ചുമതല. തുടർച്ചയായ കോടതി വിമർശനങ്ങളുടെ പേരിലാണ് സർക്കാർ നടപടിയെന്നാണ് സൂചന. ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചു. സർക്കാർ നിർദേശത്തെത്തുടർന്നാണ് അവധിയിൽ പ്രവേശിച്ചത്. തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റിയതായും ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസിലും, ശങ്കര്‍ റെഡ്ഡിക്ക് എതിരായ കേസിലും വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. തോന്നുംപടിയാവരുത് വിജിലന്‍സിന്റെ പ്രവര്‍ത്തനം, അഴിമതി കേസുകളില്‍ വിജിലന്‍സിന് മാത്രമാണോ അന്വേഷണാധികാരമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലന്‍സിന്റെ പ്രവര്‍ത്തനം വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. വിലിജൻസിന് കളളപരാതികൾ തിരിച്ചറിയാനാവണം. വിജിലൻസ് കേരള പൊലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിലാണ് കോടതി പരാമർശം. കളളപ്പരാതികൾ തിരിച്ചറിയാനുളള സംവിധാനം വിജിലൻസിനില്ലേ എന്ന് ചോദിച്ച കോടതി. കളളപ്പരാതികൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഇത്തരമൊരു സംവിധാനമെന്നും കോടതി ചോദിച്ചിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം വിജിലൻസ് പരിശോധിച്ചാൽ മതിയെന്നും അധികാര പരിധി വിട്ടാൽ ഇടപെടേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു. അനധികൃത സ്വത്ത് സംബന്ധിച്ച് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ നടക്കുന്നത് വിജിലൻസ് രാജാണോ എന്ന് കഴിഞ്ഞ മാസം കോടതി ചോദിച്ചിരുന്നു. അതിന് തൊട്ട് മുമ്പ് വിജിലൻസ് ഡയറക്ടറെ സ്ഥാനത്തും നീക്കിനിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് ശുപാർശ നൽകിയിരുന്നു. തുറമുഖവകുപ്പ് ഡയറക്‌ടറായിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ 15 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ശുപാർശ. പിന്നീട് ഈ​ റിപ്പോർട്ട് വിജിലൻസ് കോടതി തളളിയിരുന്നു. ജേക്കബ് തോമസിനെ മുഖ്യമന്ത്രി പിന്തുണയ്ക്കുകയായിരുന്നു ഇതുവരെ സംഭവിച്ചിരുന്നത്. ഈ​റിപ്പോർട്ട് പുറത്തുവന്നപ്പോൾ ജേക്കബ് തോമസിൽ വിശ്വാസമുണ്ടെന്നും തെറ്റ് ആര് കാണിച്ചാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

നിയമസഭയിൽ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തിലെപശുവാണ് വിജിലൻസ് ഡയറ്ക്‌ടർ എന്ന് ആരോപിച്ചപ്പോഴും മുഖ്യമന്ത്രി വിജിലൻസ് ഡയറക്‌ടറെ കൈവിട്ടിരുന്നില്ല.  ജിഷ വധക്കേസിന്റെ അന്വേഷണത്തിൽ പാളിച്ചയുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നത് വിമർശന വിധേയമായിരുന്നു.  പത്തുമാസം പിന്നിടുമ്പോൾ സർക്കാർ വിജിലൻസ് ഡയറക്‌ടറെ കൈവിടേണ്ടിവരുന്നത്. കോടതിയുടെയും പ്രതിപക്ഷത്തിന്റെയും ഐ എ​​ എസ് ​ഉദ്യോഗസ്ഥരുടെയും വിമർശനത്തിന് പാത്രമായ ജേക്കബ് തോമസിനെ ആ സ്ഥാനത്തു നിന്നും മാറ്റാൻ സർക്കാർ തീരുമാനമെടുക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പൊടുന്നനെയുളള​ മാറ്റത്തിന് പിന്നിൽ കോടതിയുടെ വിമർശനങ്ങൾ മാത്രമല്ല കാരണമെന്ന് സംശയം ഉന്നിക്കുന്നവരുമുണ്ട്. വിവരാവകാശ പ്രവർത്തകരാണ് ഈ സംശയം പ്രധാനമായും ഉന്നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ