തിരുവനന്തപുരം: വിജിലൻസ് തലപ്പത്തു നിന്നും തന്നെ മാറ്റിയതിന് പിന്നിലെ കാരണം പിന്നീട് പറയുമെന്ന് ഐഎംജി ഡയറക്ടറായി സ്ഥാനമേറ്റ ജേക്കബ് തോമസ്. വിജിലൻസിൽ നിന്നും ഐ.എം.ജിയിലേക്ക് മാറ്റിയത് തന്നെ ഒതുക്കിയതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐഎംജിയും വിജിലൻസും ഒരു റോഡിലെ രണ്ടു വശങ്ങൾ പോലെയാണ്. പുതിയ ചുമതലയെക്കുറിച്ച് ഇപ്പോളൊന്നും പറയുന്നില്ല. എന്താണെന്ന് നോക്കട്ടെ. ഈ സ്ഥാനത്ത് നിയമിച്ചതിന്റെ കാരണം ആദ്യം സർക്കാരാണോ താനാണോ പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

പൊലീസിൽ നിയമനം നൽകാതെ ജേക്കബ് തോമസിനെ നിയമിക്കുകയെന്ന നിലപാട് സർക്കാർ സ്വീകരിച്ചതിനെ തുടർന്നാണ് ഐഎംജിയിൽ നിയമിക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും പൊലീസിന് പുറത്താണ് ജേക്കബ് തോമസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥന് മാറി മാറി വന്ന സർക്കാരുകൾ നിയമനം നൽകിയിരുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസിലും ഫയർ ഫോഴ്സിലും നിയമനം നൽകിയെങ്കിലും ജേക്കബ് തോമസിന്റെ നടപടികൾ സർക്കാരിന്റെ താൽപര്യ കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയതോടെ സ്ഥലം മാറ്റത്തിനോ മറ്റ് അധികാരകേന്ദ്രങ്ങൾക്കു കീഴിലേക്കോ മാറ്റപ്പെടുകയോ ആയിരുന്നു അദ്ദേഹം.

പിണറായി വിജയൻ അധികാരമേറ്റപ്പോൾ അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കിയത്. എന്നാൽ അതിലുണ്ടായ കല്ലുകടികളെ തുടർന്ന് രണ്ട് മാസത്തിലേറെയായി അവധിയിലായിരുന്നു.
.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ