തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽദാന ചടങ്ങിൽനിന്ന് ഡിജിപി ജേക്കബ് തോമസ് വിട്ടുനിന്നു. മുഖ്യമന്ത്രിയാണ് ചടങ്ങിൽ മെഡലുകൾ വിതരണം ചെയ്തത്. അതേസമയം, മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. സര്‍ക്കാര്‍ ഇറക്കിയ കൈപ്പുസ്തകത്തില്‍ ജേക്കബ് തോമസിന്‍റെ പേരു സ്ഥാനപ്പേരും മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നില്ല.

സേവനകാലയളവില്‍മികച്ച പ്രവർത്തനം കാഴ്ച വച്ചതിന്റെ അംഗീകാരമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ മെഡലുകള്‍ സമ്മാനിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രിയാണ് മെഡൽ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ഇത്തവണ മെഡലിന് അർഹരായവരുടെ ലിസ്റ്റിൽ ഒന്നാമത്തെ പേര് ജേക്കബ് തോമസിന്റേതായിരുന്നു.

അതേസമയം, മെഡൽദാന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന കാര്യം ജേക്കബ് തോമസ് മുൻകൂട്ടി സർക്കാരിനെ അറിയിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ അത് ചട്ട ലംഘനമാകുമെന്നാണ് വിലയിരുത്തൽ. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook