scorecardresearch
Latest News

‘ഇരുമ്പുണ്ടാക്കാന്‍ പഠിച്ചിട്ടില്ല’; വ്യവസായ വകുപ്പില്‍ നിയമിച്ചത് പക പോക്കലെന്ന് ജേക്കബ് തോമസ്

താന്‍ വിജിലന്‍സില്‍ ജോലി ചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായ മന്ത്രിയെന്നും വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പക പോക്കലാണെന്നും ജേക്കബ് തോമസ്

Jacob Thomas IPS

തിരുവനന്തപുരം: സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി നിയമിച്ചതില്‍ പരിഹസവുമായി ജേക്കബ് തോമസ് രംഗത്ത്. താന്‍ ഇരുമ്പുണ്ടാക്കാന്‍ പഠിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.

താന്‍ വിജിലന്‍സില്‍ ജോലി ചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായ മന്ത്രിയെന്നും വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പക പോക്കലാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഇതുപോലെ ചില തസ്തികകളില്‍ നിയമിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണ് എന്നത് സര്‍ക്കാരിന്റെ തീരുമാനമാണല്ലോ, ഡിജിപി റാങ്കിലുള്ള ഒരാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമാണ് നടപടി. പൊലീസ് സേനയിലേക്ക് തിരിച്ചെടുക്കണമെന്നാണ് ജേക്കബ് തോമസ് നേരത്തെ ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്.

അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. വിആര്‍എസ് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.

ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രിബ്യൂണല്‍ ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ജേക്കബ് തോമസിന്റെ വാദം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jacob thomas criticises his reappoinment in steel and metal industry302742