തിരുവനന്തപുരം: നന്മയുള്ളവരുടെ നടുവിലാണ് ഞാൻ നിൽക്കുന്നതെന്നും അതിനാൽ പ്രശ്നമൊന്നുമില്ലെന്നും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. തുറമുഖ വകുപ്പിന് ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണ വിധേയനായ ജേക്കബ് തോമസിനെ സ്ഥാനത്തുനിന്നും മാറ്റിനിർത്തി ഉന്നത തല അന്വേഷണം നടത്തണമെന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാന്ദിന്റെ ശുപാർശയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നു രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയിരുന്നു. അതിനു ശേഷമാണ് ജേക്കബ് തോമസ് പ്രതികരിച്ചത്. പറയേണ്ട ആൾ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വിജലൻസിന് പതിനായിരം പരാതി ലഭിച്ചിട്ടുണ്ട്. 655 കേസുകളിൽ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ എല്ലാതരത്തിലുള്ള ആളുകളും ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖവകുപ്പിന് 14.96 കോടി രൂപയുടെ നഷ്ടം ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ ഉണ്ടാക്കിയെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയത്. ഈ​ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്ടറെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന് ശുപാർശ നൽകിയത്. ഈ ശുപാർശ മുഖ്യമന്ത്രി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിനായി നൽകിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ