തിരുവനന്തപുരം: കേരളത്തിൽ മദ്യ മാഫിയയെ എതിർക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്നെ യൂണിഫോം ഇടേണ്ടി വരില്ലെന്ന് ജേക്കബ് തോമസ് ഐപിഎസ്. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു ജേക്കബ് തോമസ്.

“തന്രെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. ആരെയാണ് ഒടിക്കേണ്ടത്. ആരെയാണ് വളയക്കേണ്ടത് എന്ന് മദ്യ മാഫിയയ്ക്ക് ബോധ്യമുണ്ട്. അഴിമതി നടത്തിയവർ തന്നെ മദ്യ നയം തീരുമാനിക്കുമ്പോൾ അഴിമതി സമം നയം എന്ന നില തുടരുമെന്നും” അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകളുമായി നിലപാടുകളുടെ പേരിൽ ഇടയേണ്ടി വന്ന ജേക്കബ് തോമസ് ഐപിഎസ് ഇപ്പോൾ സസ്‌പെൻഷനിലാണ്. ഉമ്മൻചാണ്ടി സർക്കാരിന്രെ കാലത്ത് ഏറ്റവും വിവാദമായ പാറ്റൂർ ഭൂമി കേസിലും ബാർ അഴിമതി ആരോപണ കേസിലും അന്വേഷണവും വിവാദങ്ങൾക്ക് വഴിയൊരുക്കി. യുഡിഎഫ് മന്ത്രി സഭയിലെ അംഗങ്ങളായിരുന്ന കെ.എം.മാണി, കെ.ബാബു എന്നിവർക്കെതിരായ അന്വേഷണമാണ് വിവാദത്തിന് വഴി തുറന്നത്. ഇടതുപക്ഷ സർക്കാർ വന്നപ്പോഴും ജേക്കബ് തോമസിന്രെ നടപടികൾ വിവാദങ്ങൾക്ക് വഴിയൊരുക്കി. വിജിലൻസ് ഡയറക്ടറായായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥനായ കെ.എം.എബ്രഹാമിന്രെ വസതിയിൽ നടത്തിയ റെയ്ഡ് ഉൾപ്പടെ വിവാദങ്ങളുടെ കെട്ടഴിച്ചു.

ഐപിഎസ്സുകാരുമായുളള തർക്കവും ജേക്കബ് തോമസിനെ വിവാദനായകനാക്കി. ഉമ്മൻചാണ്ടി സർക്കാരിന്രെ കാലത്ത് നടപടിക്കെതിരെ ജേക്കബ് തോമസ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ വിമർശനം ഉയർന്നു. അന്ന് ഡിജിപിയായിരുന്ന ടി.പി.സെൻകുമാർ ഉൾപ്പടെയുളളവർ ജേക്കബ് തോമസിനെ വിമർശിച്ചു. സർക്കാർ സർവീസിലിരുന്ന് ജേക്കബ് തോമസ് എഴുതിയ ആത്മകഥാപരമായ പുസ്തകങ്ങളും വിവാദത്തിന് വഴിയൊരുക്കി. അതിന് ശേഷം ഓഖി ദുരന്തത്തിൽ സർക്കാരിന്രെ നിലപാടിനെ വിമർശിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റും വിവാദത്തിലായി.

വിജിലൻസ് ഡയറക്ടറായിരിക്കെ കോടതിയുടെ വിമർശനത്തിനും പ്രതിപക്ഷത്തിന്രെ വിമർശനത്തിനും പാത്രമായ വിജിലൻസ് ഡയറക്ടറെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അനൂകൂലിച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ ഐഎംജി ഡയറക്ടറായി മാറ്റി നിയമിച്ചു. പാറ്റൂർ ഭൂമി കേസിൽ കോടതി വീണ്ടും ജേക്കബ് തോമസിനെ വിമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ