തൃശൂര്‍: ജേക്കബ് തോമസ് ഐപിഎസിന്റെ ആത്മകഥ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുസ്തക പ്രസാധകര്‍ക്കു നേരെയുള്ള പൊലീസ് നടപടി പ്രസാധക രംഗത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ ഉള്ള കൈകടത്തലാണെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ.ജോണി.

സര്‍വ്വീസ് ചട്ടലംഘനത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിര സര്‍ക്കാര്‍ എടുത്ത കേസ് പരിഗണനയിലിരിക്കെ, തങ്ങളുടെ ഓഫീസില്‍ പൊലീസ് എത്തി അന്വേഷണം നടത്തുകയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണെന്നും ജൂണ്‍ 15ന് സിആര്‍പിസി 91 പ്രകാരം തങ്ങള്‍ ജേക്കബ് തോമസുമായി നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് തരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More: ജേക്കബ് തോമസിനെതിരായ അഴിമതി കേസ്: രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

‘നാല് മണിക്കൂറോളം സമയമെടുത്താണ് അവര്‍ പരിശോധന നടത്തിയതും മൊഴിയെടുത്തതും. ഇത് കറന്റ് ബുക്‌സിന്റെ മാത്രം പ്രശ്‌നമല്ല, എല്ലാ പ്രസാധകരെയും ബാധിക്കുന്ന ഒന്നാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയ്യേറ്റമാണ്,’ കെ.ജെ.ജോണി ഐഇ മലയാളത്തോട് പറഞ്ഞു.

സാമൂഹ്യ കലാപത്തിന് വഴിവയ്ക്കുന്നതോ, മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ യാതൊന്നും പുസ്തകത്തില്‍ ഇല്ലെന്നും ഇന്ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രൊഫസര്‍ സാറാ ജോസഫ്, ഡോ.കെ.അരവിന്ദാക്ഷന്‍, തൃശൂര്‍ കറന്റ് ബുക്‌സ് എംഡി പെപ്പിന്‍ തോമസ്, പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജെ.ജോണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പൊലീസ് നടപടികള്‍ പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള സ്വകാര്യതയേയും വ്യക്തിസ്വാതന്ത്ര്യത്തേയും നിഷേധിക്കുന്നതാണെന്നും പുസ്തകപ്രസാധനം പ്രസാധകരുടെ ധര്‍മ്മമാണെന്നും പുസ്തകം സര്‍വ്വീസ് ചട്ടലംഘടനത്തില്‍ പെടുന്ന കാര്യമാണോ എന്ന് പരിശോധിക്കേണ്ടത് പ്രസാധകരല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ വ്യക്തമാക്കി.

സർവീസ് ചട്ടങ്ങളുടെ ലംഘനം എന്ന പേരിൽ പുസ്തക പ്രസാധകനെ പീഡിപ്പിക്കുന്ന പൊലീസ് നടപടിയിൽ ഓൾ കേരള പബ്ളിഷേഴ്സ് ആന്റ് ബുക്ക്‌ സെല്ലേഴ്സ് അസോസിയേഷൻ സെക്രട്ടറി സിഐ സി.സി.ജയചന്ദ്രൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.