തിരുവനന്തപുരം: ഭൂമി വിവാദത്തിൽ അകപ്പെട്ട സീറോ മലബാർ സഭയെ പരിഹസിച്ച് മുൻ വിജിലൻസ് മേധാവി ഡിജിപി ജേക്കബ് തോമസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് കോടികളുടെ ഭൂമി സഭ വിറ്റതിനെ ജേക്കബ് തോമസ് വിമർശിച്ചത്.

പാഠം-3, അരമനക്കണക്ക് എന്ന തലക്കെട്ടോടു കൂടിയാണ് ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആകെ ഉണ്ടായിരുന്ന 3 ഏക്കറിൽ 2 ഏക്കറും 46 സെന്റും വിറ്റു. കിട്ടിയത് 9 കോടി, കിട്ടേണ്ടതോ 22 കോടി. ആധാരത്തിൽ 13 കോടിയാണ് കാണിച്ചിരിക്കുന്നതെന്നും സ്റ്റാംപ് ഡ്യൂട്ടി കണക്കാക്കണമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്ന ചോദ്യവും ജേക്കബ് തോമസ് ഉന്നയിച്ചിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ ഭൂമി വാങ്ങിയതാണ് സഭയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമിയാണ് വാങ്ങിയതെങ്കിലും മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയില്ല. ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര്‍ (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.

Read More: ഭൂമി വിവാദം: വിഷയം സീറോ മലബാർ സിനഡ് ചർച്ച ചെയ്തേക്കും

സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്ക് വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ആധാരം കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത് വന്‍ നഷ്ടമുണ്ടാക്കിയെന്നു കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായതും വൈദികരും കര്‍ദിനാളും തമ്മില്‍ ഭിന്നത ഉടലെടുത്തതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ