തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ജേക്കബ് തോമസ് വീണ്ടും സർക്കാരിനെ വിമർശിച്ചു. ഫെയ്സ്ബുക്കിലെ പോസ്റ്റിലൂടെ ഓഖി ദുരിതാശ്വാസത്തിനുള്ള സർക്കാർ ഇടപെടലുകളെയാണ് പരോക്ഷമായി പരിഹസിച്ചത്.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് ജേക്കബ് തോമസ് ഉയർത്തിക്കാട്ടിയത്. ഇതാണ് ജേക്കബ് തോമസിന്റെ പോസ്റ്റിൽ വിമർശന വിധേയമായത്. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് പറയുന്നു. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടിലാണ് ചിത്രസഹിതം കണക്കുകൾ നിരത്തി വിമർശനം.

പോസ്റ്റിൽനിന്ന്: മരിച്ചവര്‍ 100=100 കോടി, പരുക്കേറ്റവര്‍ 100= 50 കോടി, കാണാതായവർ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവര്‍ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ..? കണക്കിന് വേറെ ടീച്ചറെ നോക്കാം.

ഇതിന് പിന്നാലെ മന്ത്രി തോമസ് ഐസക്, ജേക്കബ് തോമസിന് മറുപടിയുമായെത്തി. തന്റെ ഫെയ്സ്ബുക് പോസ്റ്റിലാണ് തോമസ് ഐസകിന്റെ മറുപടി. “ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്”, എന്ന് തോമസ് ഐസക് കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ