തിരുവനന്തപുരം: തേൻ കിനിയുന്ന ചക്കപ്പഴത്തിന്റെ രുചി അറിയാത്ത മലയാളി ഉണ്ടാവില്ല. വിഷം ലവലേശം ചേരാത്ത പഴം–പച്ചക്കറി ഏതെന്നു ചോദിച്ചാലും ചക്ക എന്ന ഒരുത്തരമേ കിട്ടൂ. ഒരു കാലത്ത്‌ ആര്‍ക്കും വേണ്ടാതെ പറമ്പുകളില്‍ വീണു കിടന്നിരുന്ന ചക്കയ്‌ക്ക്‌ ഇതു സുവര്‍ണകാലമാണ്. ഇതരസംസ്‌ഥാനങ്ങളില്‍ പ്രിയമേറിയതോടെ കേരളത്തില്‍നിന്നും പ്രതിദിനം പുറത്തേക്കു കൊണ്ടുപോകുന്നതു നൂറു ലോഡിലേറെ ചക്കയാണ്. ഇതിന് പിന്നാലെയാണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നത്.

നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ച്ച് 21നാണ് ഔദ്യോഗികമായ പ്രഖ്യാപനം നടക്കുക. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലത്തിന്റെ പ്രഖ്യാപനം സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്. ചക്കയുടെ ഉത്പാദനവും വിൽപ്പനയും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.
കൃഷി വകുപ്പ് ഇത് സംബന്ധിച്ച റിപ്പോർട്ട് നേരത്തെ തന്നെ സർക്കാരിന് കൈമാറിയിരുന്നു. സംസ്‌ഥാന ഫലമായി പ്രഖ്യാപിക്കുന്നതോടെ ചക്കയുടെ പ്രതാപം ഇനിയും കൂടും.

കളിയിക്കാവിള, കൊല്ലം, ചാലക്കുടി, കോതമംഗലം, മുണ്ടക്കയം തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളില്‍നിന്നാണു സംസ്‌ഥാനത്ത്‌ ചക്ക മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കയറ്റി അയയ്‌ക്കുന്നത്‌. കാലടിയിലുള്ള ഒരു കുടുംബവുമായി ബന്ധപ്പെട്ടവരാണ്‌ ഈ രംഗം നിയന്ത്രിക്കുന്നത്‌. ചക്ക കൊണ്ടുപോകുന്നതാകട്ടെ തമിഴ്‌നാട്‌ സംഗഗിരിയിലുള്ള കമ്പനിയുടെ ടോറസുകളിലും. കേരളത്തില്‍നിന്ന്‌ ഒരു ലോഡ്‌ ചക്ക ഡല്‍ഹിയിലെത്താനുള്ള ലോറിക്കൂലി ഒന്നേകാല്‍ ലക്ഷം രൂപയാണ്‌. നിലവില്‍ ഡല്‍ഹിയില്‍ ചക്ക വില കിലോയ്‌ക്കു 40 രൂപയ്‌ക്കടുത്തു വരും.

സീസണ്‍ ആരംഭിക്കുന്ന ജനുവരിയില്‍ കളിയിക്കാവിളയില്‍നിന്നാണ്‌ ചക്ക സംഭരണം ആരംഭിക്കുന്നത്‌. ഇപ്പോള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു സംഭരണം കൂടുതലായി നടക്കുന്നത്‌. ചക്ക വെട്ടി സ്‌പോഞ്ചോ വൈക്കോലോ നിറച്ച ചാക്കിന്‌ മുകളിലിട്ടു താഴെ എത്തിക്കുന്നതിന്‌ ദിവസം 1,000 മുതല്‍ 1500 വരെയാണ്‌ കൂലി. സീസണ്‍ തുടക്കത്തില്‍ കിലോയ്‌ക്കു 12 മുതല്‍ 15 രൂപ വരെ ലഭിച്ചിരുന്ന സ്‌ഥാനത്ത്‌ ഇപ്പോള്‍ 6.50 രൂപയായി വില താഴ്‌ന്നു. മൂപ്പിനടുത്തെത്തിയ വരിക്ക, കൂഴ ഇനങ്ങളില്‍പ്പെട്ട ചക്കയാണു കയറ്റുമതി ചെയ്യുന്നത്‌. ഇവ ഉണങ്ങാനോ പൊടിക്കാനോ ആണ്‌ കൊണ്ടുപോകുന്നതെന്ന പ്രചാരണം തെറ്റാണെന്നും മറ്റിടങ്ങളിലും ചക്കച്ചുള തന്നെയാണ്‌ ഉപയോഗിക്കുന്നതെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ