തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. കൃഷിമന്ത്രി വി.എസ്.സുനിൽ കുമാറാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ ഒരു വർഷം 30 കോടി മുതൽ 60 കോടി വരെ ചക്ക ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാൽ മുപ്പതിനായിരം കോടി രൂപയുടെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നും സുനിൽ കുമാർ പറഞ്ഞു.

കൃഷിവകുപ്പാണ് ചക്കയെ കേരളത്തിന്റെ ഒദ്യോഗിക ഫലമായി പ്രഖ്യാപിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. ഈ നിർദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നല്‍കിയതിനു പിന്നാലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

പ്രതിവർഷം 32 കോടി ചക്ക കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകൾ. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. അതേസമയം, അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ചക്കയ്ക്ക് പ്രിയമേറിവരികയാണ്. ഇവയെ വിദേശ വിപണിയിൽ പരിചയപ്പെടുത്തി നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നുണ്ട്. പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.

ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാമെന്നതാണ് മറ്റൊരു സവിശേഷത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.