തൊടുപുഴ: അപൂർവ്വയിനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ ആദ്യമായി കാനീസ് ഓറിയസ് (ഗോൾഡൻ ജക്കാള്‍) എന്ന ശാസ്ത്രനാമമുള്ള കുറുക്കനെ കണ്ടെത്തിയതായി അധികൃതര്‍. ജനുവരി ഒൻപതാം തീയതി തേക്കടിയില്‍ നിന്നു തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലിനു സമീപത്തുവച്ചാണ് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ ഇക്കോളജിസ്റ്റായ ഡോക്ടര്‍ പാട്രിക് ഡേവിഡ് കുറുക്കനെ ആദ്യമായി കാണുന്നത്.

പിന്നീട് നാച്ചുറലിസ്റ്റായ രാജ്കുമാറിന് കുറുക്കന്റെ ചിത്രം പകര്‍ത്താന്‍ അവസരം ലഭിച്ചതോടെയാണ് പെരിയാര്‍ കടുവാ സങ്കേതത്തിലെ കുറുക്കന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് പ്രശസ്ത സസ്തനി ശാസ്ത്രജ്ഞന്‍മാരായ ഡോ. പി.എസ്.ഈസ, വിവേക് മേനോന്‍ എന്നിവര്‍ ചിത്രം പരിശോധിച്ചാണ് കുറുക്കനെയാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിച്ചത്.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള തമിഴ്‌നാടു ഭാഗത്തു നിന്നു കൂട്ടം തെറ്റിയോ കടുവ, പുള്ളിപ്പുലി, കാട്ടുനായ തുടങ്ങിയവയുട ഭക്ഷണാവശിഷ്ടങ്ങള്‍ ലക്ഷ്യംവച്ചോ ആകാം കുറുക്കന്‍ എത്തിയതെന്നു പെരിയാര്‍ കടുവാ സങ്കേതത്തിലെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ 1990 മുതല്‍ സജീവമായി പങ്കെടുക്കുന്ന ഡോ. പി.എസ്.ഈസ പറയുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ മുന്‍പെങ്ങും കുറുക്കന്റെ സാന്നിധ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി അറിയില്ല. മുന്‍കാലങ്ങളില്‍ ആദിവാസികള്‍ കുറുക്കനെ കണ്ടിട്ടുള്ളതായി പറയുന്നുണ്ടെങ്കിലും ഇതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മൃതശരീരങ്ങള്‍ അടക്കം ചെയ്ത സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ കുറുക്കന്‍മാര്‍ മാന്തിയെടുത്തു ഭക്ഷിക്കാറുള്ളതായി മന്നാക്കുടി ആദിവാസി ഗോത്രത്തലവന്‍ വ്യക്തമാക്കി. മിശ്രഭോജിയായ കുറുക്കന്‍ പൊതുവേ കാണപ്പെടുക വൃക്ഷങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ തുറസായ പ്രദേശങ്ങളിലാണ്. രാത്രി സമയങ്ങളില്‍ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇവയെ കണ്ടെത്താന്‍ പ്രയാസമാണെന്നും ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഇവയെ അല്‍പ്പ പരിഗണന ആവശ്യമായ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കുറുക്കന്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ യാദൃശ്ചികമായി എത്തിയതാണോ കുടിയേറി പാര്‍ത്തതാണോ എന്നറിയാന്‍ ഗവേഷകര്‍ കാത്തിരിക്കുകയാണെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി.കുമാര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ