തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിർദേശം നൽകി. ഇ.എം.സി.സിയുമായുള്ള ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും സംസ്ഥാന സര്‍ക്കാർ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
അതേസമയം കരാര്‍ ആരോപണങ്ങള്‍ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇഎംസിസി പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികള്‍ തന്നെ കണ്ടിരുന്നുവെന്നും എന്നാല്‍ തന്നോടൊപ്പം അവർ മുഖ്യമന്ത്രിയെ കണ്ടുവെന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും പുറത്തുവിട്ടു.
Also Read: ആഴക്കടൽ മത്സ്യബന്ധനം: ചർച്ച നടന്നട്ടില്ലെന്ന് മന്ത്രി, ചിത്രങ്ങൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കോർപ്പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്‌ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നത് കമ്പനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഡി ആയ ഉദ്യോഗസ്ഥന്‍ നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ ആസംബന്ധമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കേരളത്തില്‍ വെച്ച് തന്നെ ആ കമ്പനിയുടെ ആളുകള്‍ തന്നെ വന്നുകണ്ടിരുന്നു. സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിക്ക് വേണ്ടിയാണ് അമേരിക്കയില്‍ പോയതെന്നും അമേരിക്കയില്‍ വെച്ച് വിവാദ കമ്പനിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.