കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ 2020 ഫെബ്രുവരി മാസത്തിൽ ഹാജരായാൽ മതിയെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. ഫെബ്രുവരി പത്തിനാണ് മോഹൻലാൽ ഹാജരാകേണ്ടത്. ഡിസംബർ ആറിന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിന് മോഹൻലാലിന് നോട്ടീസ് അയച്ചിരുന്നു.

നേരത്തേ മുതിർന്ന അഭിഭാഷകൻ ഹാജരാകുന്നതിന് മോഹൻലാൽ ഹൈക്കോടതിയുടെ സാവകാശം തേടിയിരുന്നു. തമിഴ്‌നാട് സ്വദേശി കെ.വി.വിശ്വനാഥനാണ് മോഹൻലാലിനു വേണ്ടി ഹാജരാവുന്നത്.

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹൻലാൽ അടക്കമുള്ളവർക്ക് കോടതി സമൻസയക്കുകയും ചെയ്‌തിരുന്നു. വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച ഒക്കറൻസ് റിപ്പോർട്ട് ക്രിമിനൽ കേസായി പരിഗണിച്ചാണ് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചത്.

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബർ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

2012-ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായിട്ടായിരുന്നു വനംവകുപ്പ് നിലപാടെടുത്ത്. എന്നാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ ഒടുവില്‍ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്.

ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.